കൊച്ചി നെടുമ്പാശേരിയിൽ നടന്ന വാഹനാപകടക്കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുമായി പൊലീസ് രംഗത്ത്. അപകടത്തിനു പിന്നാലെ കേസിലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.
ഈ സന്ദേശത്തിൽ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
“സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു” എന്ന് തുടങ്ങുന്ന ശബ്ദസന്ദേശത്തിൽ, അപകടത്തെ തുടർന്ന് ഭയന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് പ്രതികൾ പറയുന്നു. കാറോടിച്ച സുഹൈൽ സജീവ് മദ്യപിച്ചിരുന്ന കാര്യം ഒപ്പമുണ്ടായിരുന്നവർക്ക് അറിയാമായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കൂടാതെ, അപകടത്തിന് ശേഷം സുഹൈൽ ആദ്യം വിളിച്ചത് തന്റെ പിതാവിനെയാണെന്ന വിവരവും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, കേസ് പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതിയിൽ പരിഗണിച്ചു വരികയാണ്.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന ശക്തമായ നിലപാടിലാണ് പൊലീസ്.

