സിപിഎം നേതാവ് പി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.
ജയരാജന്റെ വിമർശനം ഒട്ടും സാരമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്വന്തം പാർട്ടിയെ വിമർശിച്ചാണ് ജയരാജൻ മുന്നോട്ടുപോകുന്നതെന്നും കുറ്റപ്പെടുത്തി. നിരന്തരം വിമർശനങ്ങൾ ഉന്നയിച്ച് അദ്ദേഹത്തിന്റെ തട്ടകത്തിൽ പാർട്ടി എവിടെ എത്തിനിൽക്കുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എൻഡിപി യോഗത്തിന്റെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടുകൾ ലഭിച്ചതുകൊണ്ട് മാത്രമാണ് പാർട്ടിക്ക് കുറച്ചെങ്കിലും വിജയിക്കാൻ സാധിച്ചതെന്നും, അല്ലെങ്കിൽ യാതൊരു നേട്ടവും ഉണ്ടാകുമായിരുന്നോ എന്നും അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരം പ്രസ്താവനകൾക്കൊന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയില്ലെന്നും, പാർട്ടിയിലെ പലരും മറ്റുള്ളവരെ ലക്ഷ്യം വെച്ച് നടത്തുന്ന പ്രസ്താവനകൾ മാത്രമാണിതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സിപിഎമ്മുമായി തങ്ങൾക്ക് യാതൊരുവിധ അകൽച്ചയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർക്കാരിന്റെ പ്രവർത്തനം ഇതുവരെ വിലയിരുത്തേണ്ട
സമയം ആയിട്ടില്ലെന്നും ഇപ്പോൾ മൈനസ് മാർക്ക് നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പിനെതിരെയുള്ള ആക്ഷേപങ്ങൾ തുടക്കത്തിലുള്ള ചില ബാലാരിഷ്ടതകൾ മാത്രമാണുള്ളത്.
കോൺഗ്രസ് നേതാവ് കെ. മുരളീധരനെ കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം പുത്തരിയിൽ കല്ലുകടിച്ച ആളാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.
തുടക്കത്തിൽ തന്നെ സെക്രട്ടറിയെ മാറ്റാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടെന്നും, ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുന്ന അവസ്ഥയിലാണെന്നും അദ്ദേഹം വിമർശിച്ചു. പ്രായോഗികമായി ആലോചിച്ച് പ്രവർത്തിക്കേണ്ട
കാര്യങ്ങളിൽ മുരളീധരന് വീഴ്ചകൾ പറ്റിയിട്ടുണ്ടെന്നും ചില അപാകതകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കിയ വെള്ളാപ്പള്ളി, ഭരണത്തിന്റെ തുടക്കമല്ലേ എന്ന് ചോദിച്ചുകൊണ്ട് കാത്തിരുന്ന് കാണാമെന്നും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

