കൊച്ചി: പ്രശസ്തമായ ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് അന്വേഷണ സംഘത്തിന്റെ അറിയിപ്പ്. അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ലെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ അനുമതിക്കായി അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കണമെന്നും എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ അസിസ്റ്റന്റ് ലീഗൽ അഡ്വൈസറെ നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ചാർജ് എടുത്തിട്ടില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ സ്വമേധയായുള്ള ഹർജി ഹൈക്കോടതി നവംബറിലേക്ക് മാറ്റി. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും ഇതുവരെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടിക്ക് സാധിച്ചിട്ടില്ല.
ആകെ 292 സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തിയാണ് കരട് കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ചത്. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപായി ഒരു ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
ഈ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കൂ എന്നാണ് എസ്ഐടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ട
സാവകാശം ഹൈക്കോടതി അന്ന് അനുവദിക്കുകയും ചെയ്തിരുന്നു. കേസിൽ അഴിമതി തടയൽ നിയമം ബാധകമാക്കിയിട്ടുള്ളതിനാൽ വിചാരണയ്ക്ക് പ്രോസിക്യൂഷൻ അനുമതി നിർബന്ധമാണെന്നും എസ്ഐടി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ശബരിമല ദ്വാരപാലക സ്വർണ്ണക്കൊള്ള കേസിന്റെ അന്തിമ റിപ്പോർട്ട് അടുത്ത മാസം 25-ഓടെ സമർപ്പിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്ക് ഉറപ്പുനൽകിയിരുന്നു. എസ്ഐടിയുടെ ഈ വിശദീകരണം അംഗീകരിച്ച കോടതി, അനുവദിച്ച സമയപരിധി കർശനമായി പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

