ഉത്തർപ്രദേശിലെ വൃന്ദാവനിൽ ഗുരുകൃപ കുഞ്ച് ആശ്രമത്തിന്റെ കെട്ടിടത്തിൽനിന്ന് നാലുനില ഉയരത്തിൽനിന്ന് വീണ് യുവസന്യാസി ദാരുണമായി മരിച്ചു. പ്രമുഖ ആത്മീയ ആചാര്യനായ സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് ജീവനൊടുക്കിയത്.
മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ലോധിയുടെ തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഗുരുതരമായ പരുക്കുകൾ ഏറ്റിരുന്നു. ഇതിനുപുറമേ അദ്ദേഹത്തിന്റെ സ്വകാര്യഭാഗം ഛേദിക്കപ്പെട്ട
നിലയിലുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മഥുര പൊലീസ് നൽകുന്ന വിവരമനുസരിച്ച്, കെട്ടിടത്തിൽനിന്ന് വീണ് പരുക്കേറ്റ നിലയിൽ ദീപക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരം ശനിയാഴ്ച പുലർച്ചെയാണ് ലഭിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആശ്രമക്കെട്ടിടത്തിന്റെ നാലാംനിലയിൽനിന്ന് താഴേക്ക് ചാടി ദീപക് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ആവശ്യമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അനിരുദ്ധ് പാണ്ഡെയെന്നാണ് സന്ത് പ്രേമാനന്ദ് മഹാരാജിന്റെ യഥാർഥ പേര്. വൃന്ദാവനിൽ ശ്രീ ഹിത് രാധാ കേളീകുഞ്ച് എന്ന പേരിൽ അദ്ദേഹം ആശ്രമം സ്ഥാപിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശസ്തനായ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിലേക്ക് ദിനംപ്രതി നൂറുകണക്കിന് സന്ദർശകരാണ് എത്തിച്ചേരുന്നത്.

