സാമ്പത്തിക ബാധ്യതകളില്‍ നിന്നും എത്രയും വേഗം മോചനം നേടുകയെന്ന ലക്ഷ്യത്തോടെ ഭവനവായ്പ നേരത്തേ അടച്ചുതീര്ക്കുന്നവര് നിരവധിയാണ്. കൈവശമുള്ള തുകയുടെ വലിയൊരു ഭാഗം ഇതിനായി ഉപയോഗിക്കാറുമുണ്ട്.
എന്നാല്‍ വായ്പ പൂര്‍ണമായി അവസാനിച്ചാല്‍, ഓരോ മാസവും ഇഎംഐയായി നല്‍കിയിരുന്ന തുക എങ്ങനെ കൃത്യമായി വിനിയോഗിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ വായ്പകള്‍ക്ക് പദ്ധതിയില്ലെങ്കില്‍, ഭവനവായ്പ തീരുന്നതോടെ പ്രതിമാസ വരുമാനത്തില്‍ കാര്യമായ തുക മിച്ചംവരും.
ഈ പണം ശാസ്ത്രീയമായി ആസൂത്രണം ചെയ്താല്‍ ഭാവിയിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും പ്രധാന ലക്ഷ്യങ്ങള്‍ക്കായി സമ്പാദ്യം വളര്‍ത്താനും സാധിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് രൂപീകരിക്കാം
അപ്രതീക്ഷിതമായി എത്തുന്ന സാഹചര്യങ്ങളെ നേരിടാന്‍ കൃത്യമായൊരു എമര്‍ജന്‍സി ഫണ്ട് അത്യാവശ്യമാണ്.
ഇതുവരെ ഇത്തരം ഒരു ഫണ്ട് കരുതിവച്ചിട്ടില്ലെങ്കില്, ഭവനവായ്പ അടച്ചുതീര്ന്നശേഷം ഇതിന് ആദ്യ പരിഗണന നല്‍കുക. കുറഞ്ഞത് ആറുമാസത്തെ ചെലവുകള്‍ക്ക് തുല്യമായ തുക അടിയന്തര ഫണ്ടായി മാറ്റിവയ്ക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശം.
കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും ജോലിയുടെ സ്വഭാവവും അനുസരിച്ച് ഇത് ഒന്‍പത് മുതല്‍ 12 മാസം വരെയുള്ള ചെലവുകള്‍ക്കായി ഉയര്‍ത്താം. മുതിര്‍ന്നവരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഒരു മെഡിക്കല്‍ കണ്ടിന്‍ജന്‍സി ഫണ്ടും കരുതിവയ്ക്കേണ്ടതുണ്ട്.
ഉയര്‍ന്ന പലിശയുള്ള മറ്റ് കടങ്ങള്‍ തീര്‍ക്കുക
ഭവനവായ്പ അവസാനിക്കുന്നതോടെ ലഭിക്കുന്ന സാമ്പത്തിക ആശ്വാസം മറ്റ് ബാധ്യതകള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. വ്യക്തിഗത വായ്പകള്‍ പോലുള്ള ഈടില്ലാത്ത വായ്പകളും ഉയര്‍ന്ന പലിശയുള്ള ക്രെഡിറ്റ് കാര്‍ഡ് കുടിശികകളും ഉണ്ടെങ്കില്‍ അവ വേഗത്തില്‍ അടച്ചുതീര്‍ക്കാന്‍ ഈ തുക വിനിയോഗിക്കാം.
ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഉറപ്പാക്കുക
കുടുംബത്തിന്റെ സുരക്ഷയ്ക്കായി പര്യാപ്തമായ ജീവന്, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പരിരക്ഷയെ മാത്രം ആശ്രയിക്കാതെ, സ്വന്തം പേരില്‍ ടേം ലൈഫ് ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും കരസ്ഥമാക്കാന്‍ മിച്ചംവരുന്ന തുക ഉപയോഗിക്കാം.
വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍
വായ്പ തിരിച്ചടവ് അവസാനിച്ചതോടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായുള്ള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. വായ്പയ്ക്കായി മുടക്കിയിരുന്ന അതേ തുക കൃത്യമായ പദ്ധതികളിലേക്ക് തിരിച്ചുവിട്ടാല്‍ ഭാവി സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

