അമേരിക്കയിൽ എച്ച്-1ബി വീസയുമായി ബന്ധപ്പെട്ട പരാമർശങ്ങളെ തുടർന്ന് കടുത്ത പ്രതിഷേധങ്ങൾ നേരിടുന്നതിനിടയിൽ, ദക്ഷിണേന്ത്യയിൽ നിന്നുള്ള ഭാര്യ ഉഷ വാൻസിനോടും കുടുംബത്തോടുമുള്ള ആത്മബന്ധം വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് രംഗത്ത്.
“ദക്ഷിണേന്ത്യയിൽ നിന്ന് കുടിയേറി വന്ന എന്റെ ഭാര്യയുടെ മാതാപിതാക്കളെ ഞാൻ സ്നേഹിക്കുന്നു. അമേരിക്കയിൽ ജനിച്ച അവരുടെ മകൾ ഇപ്പോൾ സെക്കൻഡ് ലേഡിയാണ്.
എനിക്ക് അവളിൽ അഭിമാനമുണ്ട്, ഞാൻ അവളെ സ്നേഹിക്കുന്നു” എന്നാണ് ജെ.ഡി വാൻസ് വ്യക്തമാക്കിയത്. തൊഴിലാളികൾക്കെതിരായ തന്റെ പ്രസ്താവനകളിൽ വിശദീകരണവുമായി അദ്ദേഹം എത്തിയിട്ടുണ്ട്.
വിദേശ തൊഴിലാളികളെക്കുറിച്ചുള്ള മുൻ പ്രസ്താവന അപൂർണമായിരുന്നുവെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരെ അനുകൂലിക്കുന്നതോടൊപ്പം തന്നെ ആഭ്യന്തര തൊഴിൽ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഒരു സന്തുലിതാവസ്ഥ ആവശ്യമാണെന്ന തന്റെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
വിദേശ തൊഴിൽ ശക്തിയെയല്ല, മറിച്ച് തൊഴിൽ രംഗത്ത് നിലനിൽക്കുന്ന ചൂഷണരീതികളെയാണ് താൻ വിമർശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. അമേരിക്കൻ പൗരന്മാർ സന്തോഷത്തോടെ ചെയ്യുന്ന തൊഴിലുകൾക്കായി കുറഞ്ഞ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന രീതി അവസാനിപ്പിക്കണമെന്ന് യുഎസ് കമ്പനികളോട് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഈ പ്രസ്താവനയാണ് വ്യാപകമായ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

