കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പ് തങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം കോൺഗ്രസ് ശക്തമാക്കി. മുൻപ് പുറത്തുവന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നത്തെ വാർത്താക്കുറിപ്പിലും പൂർണ്ണമായി തള്ളിക്കളയാൻ കമ്മീഷനായിട്ടില്ലെന്ന് പാർട്ടി വ്യക്തമാക്കി.
കമ്മീഷന്റെ വിശദീകരണം കൂടുതൽ സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുന്നതാണെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെച്ച് ഒഴിയണമെന്നും എ ഐ സി സി വക്താവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. ഗോവയിൽ ക്രമക്കേട് പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് ഒഴിവാക്കപ്പെട്ട
97 വോട്ടർമാരെ തിരികെ പട്ടികയിൽ ചേർത്തതെന്ന് വാർത്താക്കുറിപ്പിലൂടെ വ്യക്തമായതായി കോൺഗ്രസ് ആരോപിച്ചു. ദില്ലിയിലും മഹാരാഷ്ട്രയിലും പരാതി നൽകാനുള്ള തീയതി നീട്ടിനൽകിയ കമ്മീഷൻ എന്തുകൊണ്ട് കർണാടകയിലും തെലങ്കാനയിലും സമാനമായ നടപടി സ്വീകരിച്ചില്ലെന്ന് ജയ്റാം രമേശ് ചോദിച്ചു.
ബംഗാളിലും ബീഹാറിലും വോട്ടവകാശം നഷ്ടപ്പെട്ടവരോട് മറുപടി പറയാൻ കമ്മീഷൻ തയ്യാറാകണമെന്നും എസ് ഐ ആർ നടപടികൾ ഉടൻ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഗ്യാനേഷ് കുമാറിനെ പൂർണ്ണമായും ന്യായികരിച്ചും പിന്തുണച്ചും ബി ജെ പി രംഗത്തെത്തി.
തെരഞ്ഞെടുപ്പ് കമ്മേഷന്റെ പ്രസ്താവനയിലൂടെ കോൺഗ്രസും രാഹുൽ ഗാന്ധിയും ഉന്നയിച്ച വാദങ്ങൾ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബി ജെ പി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിപ്രവർത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്.
കേരളത്തിലടക്കം ബി ജെ പിയല്ല കോൺഗ്രസാണ് വിജയിച്ചതെന്നും, പല സംസ്ഥാനങ്ങളിലും പാർട്ടി തുടച്ചുനീക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി സ്വയം ചിന്തിക്കണമെന്നും ബി ജെ പി നേതാക്കൾ കൂട്ടിച്ചേർത്തു. ഭിന്നത വിവാദങ്ങൾ പുകയുന്നതിനിടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സുപ്രധാന യോഗം ചേർന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും പങ്കെടുത്ത യോഗത്തിൽ ഉയർന്ന വിയോജിപ്പുകൾ ചർച്ച ചെയ്യുകയും ചില വിട്ടുവീഴ്ചകൾക്ക് കമ്മീഷൻ തയ്യാറാവുകയും ചെയ്തു. എസ്.ഐ.ആറിലെ പരാതികൾ പരിശോധിച്ച കമ്മീഷൻ, എസ്.ഐ.ആർ.
പൂർത്തിയായ സംസ്ഥാനങ്ങളിൽ പുറത്തായ വോട്ടർമാർക്ക് വീണ്ടും അപേക്ഷിക്കാൻ പ്രത്യേക ഡ്രൈവുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. എസ്.ഐ.ആറിനൊപ്പമുള്ള ഫോം 6-ൽ മാറ്റമില്ലെങ്കിലും സാധാരണ ഘട്ടങ്ങളിൽ പുതിയ വോട്ടർമാർക്ക് പഴയ ഫോം 6 തന്നെ ഉപയോഗിക്കാം.
കേന്ദ്ര കമ്മീഷന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഇ.സി.ഐ. നെറ്റ് സംവിധാനത്തിൽ മാറ്റങ്ങൾ വേണമെന്ന ആവശ്യത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു.
ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഈ സമിതി വിഷയം വിശദമായി പരിശോധിക്കും. കൂടാതെ ദില്ലിയിൽ കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ബി.എൽ.ഓമാർ വീട്ടിലെത്തി ഹിയറിംഗ് നടത്തുമെന്നും വ്യക്തമാക്കി.
അത്യാവശ്യമെങ്കിൽ ഓൺലൈൻ ഹിയറിംഗിനും സൗകര്യമൊരുക്കും. പരാതികൾ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ട്.
ഗോവയിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 97 പേരിൽ 81 പേരുടെ വീടുകളിലെത്തി ബി.എൽ.ഓമാർ ഫോം ശേഖരിച്ച് ഫയൽ ചെയ്തതായി കമ്മീഷൻ അറിയിച്ചു. പാവപ്പെട്ടവർ, തൊഴിലാളികൾ, തെരുവിൽ കഴിയുന്നവർ എന്നിവർക്കായി പ്രത്യേക ക്യാമ്പുകളും ഹെൽപ്പ് ഡെസ്കുകളും തുറക്കും.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങൾ എല്ലാം തന്നെ ഏകകണ്ഠമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

