ഭർത്താവിന്റെ ദാരുണമായ മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ നീണ്ട നാലരപ്പതിറ്റാണ്ടോളം മുടികെട്ടാതെ ജീവിച്ച താരാ വിജയൻ (90) അന്തരിച്ചു.
കഴിഞ്ഞ ദിവസമാണ് റിട്ട. പഞ്ചായത്ത് സൂപ്രണ്ടായ പുത്തൻകുളം തലക്കുളം വിജയതാരയിൽ താരാ വിജയൻ വിടവാങ്ങിയത്.
സംസ്കാരം ഔദ്യോഗിക ചടങ്ങുകളോടെ വീട്ടു വളപ്പിൽ നടന്നു. 1981 ജൂൺ 23നാണ് അഞ്ചൽ ഏരൂർ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന എസ്.
വിജയനെ പഞ്ചായത്ത് ഓഫിസിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നതുവരെ ഇനി ഒരിക്കലും മുടി കെട്ടില്ലെന്ന ദൃഢനിശ്ചയമെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ താരാ വിജയൻ.
വാർദ്ധക്യസഹജമായ ഓർമ്മക്കുറവ് പോലും അവരുടെ ഈ ജീവന്മരണ പോരാട്ടത്തെയും ശപഥത്തെയും ബാധിച്ചിരുന്നില്ല. ഭർത്താവിന്റെ വേർപാടിന് നീതി തേടിയുള്ള പോരാട്ടം മക്കളോടൊപ്പം സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം ഇരിക്കുന്നതുവരെ എത്തിയിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഴിച്ചിട്ട മുടിയുമായി രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വരെ അവർ നിയമപോരാട്ടം നടത്തി.
എന്നാൽ, സിബിഐ ഡയറക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അനുവദിക്കപ്പെട്ടില്ല. എൽഡി ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പഞ്ചായത്ത് സൂപ്രണ്ട് പദവി വരെ എത്തിയ അവർ, വിവിധ ഓഫിസുകളിൽ ജോലി ചെയ്യുമ്പോഴും ഈ ശപഥത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ഒടുവിൽ മരണത്തിന് കീഴടങ്ങുമ്പോഴും എസ്. വിജയന്റെ മരണത്തിലെ ദുരൂഹത ബാക്കിയാവുകയാണ്.
ഏരൂരിൽ നിന്ന് പുത്തൻകുളത്തേക്ക് ദിവസേനയുള്ള യാത്രയുടെ ബുദ്ധിമുട്ട് കാരണം വിജയൻ പഞ്ചായത്ത് ഓഫിസിൽ തന്നെയാണ് താമസിച്ചിരുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷ നൽകിയതിനുശേഷമാണ് അദ്ദേഹത്തെ കാണാതാകുന്നത്.
ഏരൂരിലെ ഭൂവുടമകൾ സ്വന്തം വസ്തുവിൽ റോഡ് നിർമിക്കുകയും, ഇത് പഞ്ചായത്ത് നിർമാണമാണെന്ന് കാണിച്ച് വ്യാജരേഖ ചമച്ച് പണം തട്ടിയെടുക്കുകയും ചെയ്തത് എസ്. വിജയൻ ശക്തമായി ചോദ്യം ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് കരാറുകാരൻ അദ്ദേഹത്തെ മർദിക്കാൻ ശ്രമിച്ചിരുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. നിഷ വിജയൻ, അഡ്വ.
ഷമ്മി വിജയൻ, ഉഷാ വിജയൻ, സുഷാ വിജയൻ എന്നിവരാണ് മക്കൾ. എസ്.
പ്രദീപ്, ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, എം.ആർ.
വിമൽ കുമാർ, പരേതനായ കെ.എസ്. ഷെറിമോൻ എന്നിവരാണ് മരുമക്കൾ.

