മഹാഭാരതത്തിലെ സവിശേഷ മുഹൂർത്തങ്ങളിലൊന്നായ ‘യക്ഷപ്രശ്നം’ ശിൽപകലയിലൂടെ പുനർജനിക്കുന്നു. അഹല്യ ക്യാംപസിലെ ഹെറിറ്റേജ് വില്ലേജിലാണു കരിങ്കൽ ശിൽപങ്ങൾ ഒരുങ്ങുന്നത്.
അഹല്യ ശിൽപോദ്യാനത്തിൽ ഈ മാസം 24 വരെ നടക്കുന്ന ക്യാംപിൽ പ്രശസ്ത ശിൽപികളായ വെങ്കടേഷ്, വിനോദ്, ശ്രീകുമാർ ഉണ്ണിക്കൃഷ്ണൻ, അജീഷ്, സതീഷ്, മധു എന്നിവരാണു ശിൽപങ്ങൾ ഒരുക്കുന്നത്. മഹാഭാരതത്തിലെ ധാർമിക വിചാരഭൂമിയായി അറിയപ്പെടുന്ന ‘യക്ഷപ്രശ്നം’ പ്രമേയമാക്കിയാണു ശിൽപങ്ങൾ നിർമിക്കുന്നത്.
മഹാഭാരതം വനപർവത്തിൽ (ആരണ്യകപർവം) പാണ്ഡവരുടെ വനവാസകാലത്തിന്റെ അവസാനഘട്ടത്തിൽ യുധിഷ്ഠിരനും യക്ഷനും തമ്മിൽ നടന്ന അഗാധവും തത്വചിന്താപരവുമായ സംഭാഷണമാണു ‘യക്ഷപ്രശ്നം’. പരമ്പരാഗത ശിൽപകലാരീതികളെ പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകളുമായി സംയോജിപ്പിക്കുന്ന ശിൽപങ്ങളാണ് അഹല്യ ശിൽപോദ്യാനത്തിന്റെ പ്രധാന ആകർഷണം.
ശിൽപനിർമാണം കാണാൻ കലാസ്വാദകർക്കും വിദ്യാർഥികൾക്കും അവസരമുണ്ടെന്ന് അഹല്യ ഹെറിറ്റേജ് വില്ലേജ് ഡയറക്ടർ ഡോ.ആർ.വി.കെ.വർമ പറഞ്ഞു. യക്ഷപ്രശ്നം കഥാസാരം
12 വർഷത്തെ വനവാസം കഴിഞ്ഞ് പാണ്ഡവർ അജ്ഞാതവാസത്തിനു തയാറെടുക്കുമ്പോൾ ഒരു ബ്രാഹ്മണന്റെ അരണിത്തട്ടുകൾ (തീ കടയുന്ന വസ്തു) മാൻരൂപത്തിലെത്തിയ യക്ഷൻ അപഹരിച്ചു.
അത് അന്വേഷിച്ചുപോയ പാണ്ഡവർ ദാഹം കാരണം വഴിയിലെ ഒരു തടാകത്തിൽ എത്തി. തടാകത്തിലെ വെള്ളം കുടിക്കാൻ ശ്രമിച്ച സഹദേവൻ, നകുലൻ, അർജുനൻ, ഭീമൻ എന്നിവർ യക്ഷന്റെ മുന്നറിയിപ്പ് അവഗണിച്ചതോടെ മരിച്ചുവീണു.
ഒടുവിൽ യുധിഷ്ഠിരൻ അവിടെയെത്തുകയും യക്ഷന്റെ ചോദ്യങ്ങൾക്കു വിവേകത്തോടെ ഉത്തരം നൽകുകയും ചെയ്യുന്നതോടെ യമധർമരാജാവായ (യുധിഷ്ഠിരന്റെ പിതാവ്) യക്ഷൻ സ്വന്തം രൂപം വെളിപ്പെടുത്തി. അദ്ദേഹം എല്ലാ പാണ്ഡവർക്കും ജീവൻ തിരികെനൽകുകയും അജ്ഞാതവാസകാലത്ത് ആർക്കും തിരിച്ചറിയാൻ കഴിയില്ലെന്ന വരം നൽകുകയും ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

