പാകിസ്ഥാന്റെ ആണവ കേന്ദ്രമായി കണക്കാക്കപ്പെടുന്ന കിരാന ഹിൽസിൽ ഇന്ത്യൻ ഡ്രോൺ പതിച്ച സംഭവം യാദൃശ്ചികമാണെന്ന് മുൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി. പാകിസ്ഥാനിലെ സർഗോദയിലേക്ക് അയച്ച ആയുധങ്ങളിലൊന്ന് കിരാന കുന്നിനു മുകളിൽ പൊട്ടിത്തെറിക്കുകയാണുണ്ടായത്.
ജയിഷെ മുഹമ്മദ് ആസ്ഥാനം തകർക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സാർഗോധ മേഖലയിലെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഡ്രോൺ സംവിധാനങ്ങൾ വിന്യവിച്ചിരുന്നത്.
ആകാശത്ത് ദീർഘസമയം സഞ്ചരിച്ച് ലക്ഷ്യം കണ്ടെത്താൻ ശേഷിയുള്ള ഇത്തരം സംവിധാനങ്ങൾക്ക്, നിശ്ചിത ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കാതെ വരുമ്പോൾ സ്വയം താഴേക്ക് പതിക്കുന്ന സ്വഭാവമുണ്ട്. ഇത്തരത്തിലുള്ള സാങ്കേതികമായ കാരണങ്ങളാലാണ് കിരാന കുന്നുകളിൽ ഇവ പതിക്കാനിടയായത്.
ഓപ്പറേഷൻ സിന്ദൂർ നടപടികൾക്കിടയിൽ പാകിസ്ഥാനിലെ കിരാന ഹിൽസിൽ സ്ഫോടനമുണ്ടാവുകയും പ്രദേശത്ത് പുക ഉയരുകയും ചെയ്തത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതീവ തന്ത്രപ്രധാനവും പാകിസ്ഥാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ടതുമായ ഈ മേഖലയിലേക്ക് ഇന്ത്യ ബോധപൂർവ്വം ആക്രമണം നടത്തിയെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഈ സംഭവത്തിന് പിന്നാലെ വ്യാപകമായി പ്രചരിക്കുകയുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കിരാന ഹിൽസോ പാകിസ്ഥാന്റെ ആണവ സംവിധാനങ്ങളോ ലക്ഷ്യമിടുക എന്നത് ഇന്ത്യൻ സേനയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നാണ് മുൻ സിഡിഎസിന്റെ ഈ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തുന്ന സൈനിക നടപടികൾക്ക് രാഷ്ട്രീയ അനുമതി ലഭിച്ചത് ഏപ്രിൽ 29-ലെ നിർണായക യോഗത്തിലായിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകണമെന്ന കർശന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.
ആക്രമണത്തിന്റെ സമയവും രീതിയും സംബന്ധിച്ച കാര്യങ്ങൾ സൈന്യത്തിന് തീരുമാനിക്കാമെന്നും എന്നാൽ ഓപ്പറേഷൻ യാതൊരു കാരണവശാലും പരാജയപ്പെടരുതെന്നും പ്രധാനമന്ത്രി കർശന നിർദേശം നൽകിയിരുന്നതായി ജനറൽ അനിൽ ചൗഹാൻ ഓർമ്മിച്ചു. ഭീകര സംഘടനയായ ജയിഷെ മുഹമ്മദിന്റെ ആസ്ഥാനം തകർക്കണമെന്ന നിർദേശം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുഖേനയാണ് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

