ആലുവ സബ് ജയിലിൽനിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി, താൻ പിടിച്ചുവച്ചിരുന്ന ആധാർ കാർഡ് അന്വേഷിച്ച് വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തിയതായി വിവരം. എന്നാൽ പൊലീസ് തന്നെ തിരിച്ചറിയുമെന്ന ഭയത്തെ തുടർന്ന് ആധാർ വാങ്ങാൻ നൽകാതെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
അസം ധേമാജി സ്വദേശിയായ മധുർജ്യ സോനോവാൾ (28) ആണ് നാടകീയ രംഗങ്ങൾക്ക് ശേഷം വീണ്ടും കടന്നുകളഞ്ഞത്. പ്രതിക്കായുള്ള വ്യാപകമായ അന്വേഷണം പുരോഗമിക്കുകയാണ്.
എടത്തല വ്യവസായ മേഖലയിലെ മാമ്പിള്ളി പ്ലൈവുഡ് കമ്പനി തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽനിന്ന് ഒമ്പത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതിയാണ് സോനോവാള് ആലുവ സബ് ജയിലിൽ റിമാൻഡിലായത്. മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെരുമ്പാവൂർ പൊലീസ് ഇയാളെ പിടികൂടിയത്.
മോഷണം നടന്നത് എടത്തലയിൽ ആയതിനാൽ കേസ് അവിടുത്തെ പൊലീസിനു കൈമാറുകയായിരുന്നു. പിടികൂടിയപ്പോൾ ഉണ്ടായിരുന്ന ആധാർ കാർഡ് സ്റ്റേഷനിൽ കാണുമെന്നു കരുതിയാകാം പ്രതി അവിടെ എത്തിയതെന്ന് പെരുമ്പാവൂർ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് പ്രതി ജയിൽ ചാടിയതെന്നാണു സംശയം. കുളിക്കാനും ശുചിമുറിയിൽ പോകാനുമായി മറ്റു തടവുകാർക്കൊപ്പം പുറത്തിറക്കിയ ഇയാൾ, പണി നടന്നുകൊണ്ടിരുന്ന അടുക്കളയുടെ ഭിത്തിവഴി കയറി പിൻവശത്തെ മതിൽ ചാടുകയായിരുന്നു.
മഞ്ഞ ടീ ഷർട്ടും കാവിമുണ്ടുമാണ് രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത്. ജയിലിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെയുണ്ടായിരുന്നു.
ഇവർക്കിടയിൽ കലർന്നാണ് പ്രതി രക്ഷപെട്ടതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ജയിൽ ചാടി തൊട്ടടുത്ത ദിവസമാണ് പ്രതി പെരുമ്പാവൂർ സ്റ്റേഷനിലെത്തിയത്.
ആധാർ കാർഡ് തിരികെ ചോദിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തന്നെ തിരിച്ചറിയുമോയെന്നു ഭയന്ന് ഇയാൾ ഓടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരായിരുന്നില്ല പിന്നീട് വന്നപ്പോൾ ഉണ്ടായിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഏതാനും നിമിഷങ്ങൾ മാത്രമാണ് ഇയാൾ സ്റ്റേഷനിൽ ഉണ്ടായിരുന്നത്. തിരിച്ചറിയുമോയെന്ന ഭയത്തിൽ ഉടൻ തന്നെ മാർക്കറ്റ് ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പിന്നാലെ പോയെങ്കിലും പിടികൂടാനായില്ലെന്നും പൊലീസ് വ്യക്തമാക്കി.
സ്റ്റേഷനിൽനിന്നു കടന്നുകളഞ്ഞ പ്രതി പെരുമ്പാവൂരിലെ ഒരു മൊബൈൽ കടയിലെത്തി പണം വായ്പ ചോദിച്ചിരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ കടയുടമ പണം നൽകാൻ തയ്യാറായില്ല.
57 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ആലുവ സബ് ജയിലിൽ നിലവിൽ 114 പേരാണുള്ളത്. ആകെയുള്ള 17 ജീവനക്കാരിൽ മൂന്ന് പേർ ഓഫിസ് ജോലികൾ ചെയ്യുന്നവരാണ്.
ബാക്കിയുള്ള ജീവനക്കാരാണ് രണ്ടു ഷിഫ്റ്റുകളിലായി ജയിലിൽ കാവൽ നിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

