കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് കരുവിശ്ശേരി പുഴവക്കത്ത് വീട്ടിൽ പി.കെ റാഷിക് (58) ആണ് പൊലീസിന്റെ പിടിയിലായത്.
ചേവായൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
യുവതിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പ്രതി കാറിൽ കയറ്റിക്കൊണ്ടുപോവുകയും തുടർന്ന് കൊയിലാണ്ടിയിലെ ഒരു ലോഡ്ജിൽ എത്തിച്ച് ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പ്രതിയായ റാഷിക് കോഴിക്കോട് തന്നെ ഉണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ബിബിൻലാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ദിനേഷ് ടി.പിയുടെ നേതൃത്വത്തിൽ എ.എസ്.ഐ രഘീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിൻജിത്, വിജീഷ്, പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

