സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കളിൽ പോലും നൂതന സാങ്കേതികവിദ്യയുടെ വിപ്ലവം തീർക്കാമെന്ന് തെളിയിക്കുകയാണ് എറണാകുളം സ്വദേശിയായ അക്ഷയ് രാജ് പി.ആർ. ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ കാലാവസ്ഥാ സ്റ്റേഷൻ നിർമ്മിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയിരിക്കുകയാണ് പത്തൊൻപതുകാരനായ ഈ മിടുക്കൻ. കേവലം 35 മില്ലിമീറ്റർ നീളവും 32.5 മില്ലിമീറ്റർ വീതിയുമുള്ള (35 mm x 32.5 mm) ഒരു കുഞ്ഞൻ ഉപകരണമാണ് അക്ഷയ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
വലിപ്പത്തിൽ ചെറുതാണെങ്കിലും പ്രവർത്തനത്തിൽ അതിശയിപ്പിക്കുന്നതാണ് ഈ ഉപകരണം. അന്തരീക്ഷത്തിലെ താപനില, ഈർപ്പം, അന്തരീക്ഷമർദ്ദം, കാർബൺ മോണോക്സൈഡിന്റെ അളവ് എന്നീ നാല് പ്രധാന പാരിസ്ഥിതിക ഘടകങ്ങൾ ഒരേസമയം കൃത്യമായി നിരീക്ഷിക്കാൻ ഇതിന് സാധിക്കും.
ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന 24 മില്ലിമീറ്റർ വലിപ്പമുള്ള ചെറിയ സ്ക്രീനിലൂടെ തത്സമയ വിവരങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2026 ജൂൺ 17-നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഈ അപൂർവ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് അക്ഷയ്. എറണാകുളം സ്വദേശികളായ പി.എൻ.
രാജൻ – പി.ആർ. രമണി ദമ്പതികളുടെ മകനാണ്.
റെക്കോർഡ് നേട്ടങ്ങൾക്കപ്പുറം ഒട്ടനവധി മികച്ച സാങ്കേതിക പ്രോജക്ടുകളാണ് അക്ഷയ് ഇതിനകം സ്വന്തം കൈകൊണ്ട് നിർമ്മിച്ചിട്ടുള്ളത്. ഏത് പ്രതികൂല ഭൂപ്രകൃതിയിലും സഞ്ചരിക്കാൻ സാധിക്കുന്ന ‘പ്ലാനറ്ററി എക്സ്പ്ലോറേഷൻ റോവർ’, ‘മൈക്രോ കാറ്റഗറി ഡ്രോൺ’, തടസ്സങ്ങൾ സ്വയം തിരിച്ചറിഞ്ഞ് സഞ്ചരിക്കുന്ന റോബോട്ട്, ഓട്ടോമാറ്റിക് പ്ലാന്റ് വാട്ടറിംഗ് സിസ്റ്റം, ഗ്യാസ് ലീക്കേജ് ഡിറ്റക്ഷൻ സിസ്റ്റം, അൾട്രാസോണിക് ദൂരമാപന ഉപകരണം തുടങ്ങി നീളുന്നു ആ പട്ടിക.
മികച്ച ഇന്നൊവേഷനുകൾക്കുള്ള കേരള സർക്കാരിന്റെ വൈ.ഐ.പി (YIP 4.0) സംസ്ഥാനതല ജേതാവ് കൂടിയാണ് ഈ കൗമാര പ്രതിഭ. ശാസ്ത്രത്തെ സ്നേഹിക്കുന്ന യുവതലമുറയ്ക്ക് വഴികാട്ടിയായി, തന്റെ കൊച്ചു പരീക്ഷണങ്ങളുടെ വഴികളും അറിവുകളും ‘ROBOMAC’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ (www.youtube.com/@ROBO_MAC) അക്ഷയ് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

