ചാലക്കുടി മുരിങ്ങൂർ പഞ്ചായത്തിലെ 15–ാം വാർഡിൽ ജലജീവൻ പദ്ധതിയുടെ ശുദ്ധജല കണക്ഷൻ എടുത്തവർക്ക് വൻ തുകയുടെ വാട്ടർ ബിൽ ലഭിച്ചു. കല്ലുങ്കടവ്, കരിയപ്പാറ, സാൻജോനഗർ മാമ്മറ്റം റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്കാണ് ഉയർന്ന തുക രേഖപ്പെടുത്തിയ ബില്ലുകൾ ലഭിച്ചത്.
രണ്ടു വർഷം മുൻപാണ് ഈ മേഖലകളിൽ പൈപ്പുകൾ സ്ഥാപിക്കുകയും ഗുണഭോക്താക്കളുടെ വീടുകളിൽ വാട്ടർ മീറ്ററുകൾ ഘടിപ്പിക്കുകയും ചെയ്തത്. എന്നാൽ പൈപ്പ്ലൈൻ വഴി ശുദ്ധജലം ലഭ്യമായി തുടങ്ങിയിട്ട് ഒരു മാസം മാത്രമാണ് പിന്നിടുന്നത്.
ഇതിനിടയിലാണ് മീറ്റർ സ്ഥാപിച്ചതു മുതലുള്ള കാലയളവിലെ തുക ഉൾപ്പെടുത്തി ജല അതോറിറ്റി ബിൽ നൽകിയിരിക്കുന്നത്. നിലവിൽ നാല് ഗുണഭോക്താക്കൾക്കാണ് ഇത്തരത്തിൽ ആദ്യഘട്ടത്തിൽ ബിൽ ലഭിച്ചിട്ടുള്ളത്.
സാധാരണഗതിയിൽ ഇരുനൂറു രൂപയിൽ താഴെ മാത്രം വരേണ്ട സ്ഥാനത്ത് 2513 രൂപയുടെ ബില്ലാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്.
അപ്രതീക്ഷിതമായി എത്തിയ വലിയ തുകയുള്ള ബിൽ കണ്ട് ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ. വാർഡിലെ ഉപയോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗം റിൻസി രാജേഷ് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുമായി ബന്ധപ്പെട്ട് വിഷയം ധരിപ്പിച്ചു.
എന്നാൽ ജല അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് തിരുത്തുന്നതിന് പകരം, ഗുണഭോക്താക്കൾ ഔദ്യോഗികമായി അപേക്ഷ നൽകിയാൽ തുക കുറച്ചുനൽകുന്ന കാര്യം പരിശോധിക്കാമെന്ന നിഷേധാത്മക സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പഞ്ചായത്ത് അംഗം വ്യക്തമാക്കി. ഇതിനുപുറമേ, ഈ വാർഡിലെ ഏകദേശം 150 ഗുണഭോക്താക്കൾക്ക് കൈമാറാനായുള്ള ബില്ലുകൾ ജല അതോറിറ്റി ഓഫിസിൽ ഇതിനോടകം തയാറാക്കി വെച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ സൂചന നൽകിയിട്ടുണ്ട്.
ജലജീവൻ പദ്ധതി പ്രകാരം സൗജന്യമായാണ് കണക്ഷൻ നൽകിയിരുന്നതെങ്കിലും, പിന്നീട് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് അനുസരിച്ച് തുക ഈടാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജല അതോറിറ്റി വെള്ളം വിതരണം ചെയ്യാതിരുന്ന രണ്ടു വർഷത്തെ കാലയളവുകൂടി ഉൾപ്പെടുത്തി ബിൽ നൽകിയ നടപടിയിൽ എന്തുചെയ്യണമെന്നറിയാതെ വെട്ടിലായിരിക്കുകയാണ് പ്രദേശത്തെ കുടുംബങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

