കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സമരം ചെയ്ത വിദ്യാർത്ഥികളെ ആക്രമിക്കാൻ ആരാണ് നിർദേശം നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അദ്ദേഹം ചോദിച്ചു.
പെല്ലറ്റ് ആക്രമണത്തിൽ ആര് ഉത്തരവാദിത്തം ഏൽക്കുമെന്നും അമിത് ഷാ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്ത് രാഹുൽ ഗാന്ധി പുറത്തുവിട്ടു. 2026 ജൂലൈ 20-ന് ദില്ലിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ ക്രൂരമായ അതിക്രമത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കുന്നതിന് പകരം മാരകായുധങ്ങളും കണ്ണീർവാതകവും ഉൾപ്പെടെയുള്ള പരിധിയില്ലാത്ത ബലപ്രയോഗമാണ് സുരക്ഷാ സേന നടത്തിയത്. ഈ സംഭവത്തിൽ നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായും വിദ്യാർത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളിൽ വരെ പൊലീസ് ഉദ്യോഗസ്ഥർ ആക്രമണം നടത്തിയതായും രാഹുൽ കുറ്റപ്പെടുത്തി.
മാരകമായ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യമെന്നും മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. പെല്ലറ്റ് തോക്കുകൊണ്ടുള്ള വെടിയേറ്റ് കടുത്ത വേദന അനുഭവിക്കുന്നതും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ളതുമായ സാഹിൽ ലോചാബ് എന്ന 19 വയസ്സുകാരനായ വിദ്യാർത്ഥിയെ താൻ കണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയുടെ അന്തിമ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി എന്ന നിലയിൽ താങ്കൾക്കാണെന്നിരിക്കെ, വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പെടെയുള്ള മാരകമായ ബലപ്രയോഗം നടത്താൻ അനുമതി നൽകിയിരുന്നോയെന്നും, അല്ലങ്കിൽ ആരാണ് ഇതിന് ഉത്തരവിട്ടതെന്നും രാഹുൽ ചോദിച്ചു. സിവിൽ വസ്ത്രം ധരിച്ച് വിദ്യാർത്ഥികളെ ലാത്തികൊണ്ട് മർദ്ദിച്ച വ്യക്തികൾ പൊലീസ് ഉദ്യോഗസ്ഥരാണോ അതോ മറ്റുള്ളവരാണോയെന്നും, അവരെ അവിടെ വിന്യസിക്കാൻ ആരാണ് അനുമതി നൽകിയതെന്നും അദ്ദേഹം കത്തിലൂടെ ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

