ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ പേരിൽ അരങ്ങേറിയ വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ അന്വേഷണവും റെയ്ഡും നടക്കുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുലർച്ചെ നാല് മണി മുതൽ അഞ്ചിടങ്ങളിലാണ് ഒരേസമയം പരിശോധന ആരംഭിച്ചത്.
കൊച്ചിയിലെ അഗസ്റ്റിൻ സഹോദരന്മാരുടെ വസതികൾ, കളമശ്ശേരിയിലെ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഓഫിസ്, കൂടാതെ വയനാട്ടിലുള്ള ഇവരുടെ വീട് എന്നിവിടങ്ങളിലാണ് ഈ അതീവ നിർണായക പരിശോധന പുരോഗമിക്കുന്നത്. നേരത്തെ ഫുട്ബോൾ സൂപ്പർതാരത്തെ കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ ബ്രോഡ്കാസ്റ്റിംഗ് കമ്പനി വൻതോതിൽ നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിനായി അവരുടെ കലക്ഷൻ ഏജന്റുവഴി അയച്ച 126.04 കോടി രൂപയ്ക്ക് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം നൽകേണ്ടിയിരുന്ന 22.69 കോടി രൂപയുടെ ഐജിഎസ്ടി കമ്പനി അടച്ചിരുന്നില്ല.
ഇതിനുപുറമേ, വിവിധ വിദേശ നിയമ/മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടി രൂപയ്ക്ക്മേൽ 34.15 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മെസിയെ കേരളത്തിലെത്തിക്കാനായി ആസൂത്രണം ചെയ്ത പദ്ധതിയുടെ സ്പോൺസർഷിപ്പ് കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും വേണ്ടിയുള്ള ബോധപൂർവ്വമായ നീക്കമായിരുന്നുവെന്നാണ് കായിക വകുപ്പിന്റെയും കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

