റോഡിലൂടെ യാത്ര ചെയ്യുമ്പോൾ മീൻ വണ്ടികളിൽ നിന്നും മലിനജലം വീണ് ബുദ്ധിമുട്ടിലായ പൊതുജനങ്ങൾ ആശ്വാസത്തിൽ. പൊതുനിരത്തുകളിൽ മൽസ്യ കയറ്റി അയക്കുന്ന വാഹനങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന വെള്ളം റോഡിലേക്ക് ഒഴുക്കുന്ന നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ കടുത്ത നടപടികളുമായി മോട്ടർ വാഹന വകുപ്പ് രംഗത്തെത്തി.
ഇനി മുതൽ ഇത്തരം നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും കൂടാതെ കനത്ത പിഴ ഈടാക്കുമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ വ്യക്തമാക്കി. മത്സ്യവുമായി പോകുന്ന വാഹനങ്ങളിൽ നിന്നുള്ള മലിനജലം പൈപ്പുകൾ വഴി റോഡിലേക്ക് തുറന്നുവിടുന്ന അനാരോഗ്യകരമായ പ്രവണത തടയാനാണ് ഇപ്പോൾ കർശന നിർദേശം നൽകിയിരിക്കുന്നത്.
വാഹനങ്ങളിലെ പ്രത്യേക ടാങ്കുകളിൽ തന്നെ ഈ മലിനജലം ശേഖരിച്ച്, ശാസ്ത്രീയമായി സംസ്കരിക്കുന്ന കേന്ദ്രങ്ങളിൽ മാത്രം ഒഴുക്കിവിടണമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ കർശന ഉത്തരവ്. മീൻവെള്ളം റോഡിലൂടെ പുറന്തള്ളുന്നത് ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർക്ക് ഗുരുതരമായ അപകടങ്ങൾക്കും കടുത്ത ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു.
എറണാകുളം ജില്ലയിലെ കോലഞ്ചേരി മീമ്പാറ സ്വദേശി സജോ സക്കറിയ ആൻഡ്രൂസ് പൊതുനിരത്തുകളിലെ ഈ നിയമലംഘനത്തിനെതിരെ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. തുടർന്ന് ഈ പരാതി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറുകയും, വിഷയം ഗൗരവമായി പരിശോധിച്ച് അടിയന്തര അന്വേഷണം നടത്തി ആവശ്യമായ നിയമനടടികൾ സ്വീകരിക്കാൻ കഴിഞ്ഞ മാസം 8-ാം തീയതി എല്ലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാർക്കും നിർദേശം നൽകുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

