ഇടുക്കി ജില്ലയിൽ പ്രതീക്ഷിച്ച അളവിൽ മഴ ലഭിക്കാത്തതും മറ്റ് പ്രതിസന്ധികളും വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത ആഘാതമായി മാറി. മൺസൂൺ കാഴ്ചകൾ ആസ്വദിക്കാൻ പ്ലാൻ ചെയ്തിരുന്നവരിൽ വലിയൊരു വിഭാഗം യാത്രകൾ ഉപേക്ഷിക്കുകയാണുണ്ടായത്.
മഴക്കുറവിനൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള സംഘർഷങ്ങളും ടൂറിസ്റ്റുകളുടെ വരവിനെ പ്രതികൂലമായി ബാധിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇനി ഓണക്കാലത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല.
മൂന്നാറിൽ 40 ശതമാനം കുറവ് കാലവർഷം ചതിച്ചതും അറബ് നാടുകളിലെ യുദ്ധവും കലക്ടറുടെ യാത്രാ നിരോധന ഉത്തരവും മൂന്നാർ മൺസൂൺ ടൂറിസത്തിന് വലിയ തിരിച്ചടിയായി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സഞ്ചാരികളുടെ വരവ് 40% കുറഞ്ഞു.
മുൻവർഷങ്ങളിൽ മൺസൂൺ ടൂറിസം ആസ്വദിക്കാനായി ഗൾഫിൽ നിന്നാണ് ഏറ്റവുമധികം വിദേശ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. എന്നാൽ ഇത്തവണ ഗൾഫ് യുദ്ധവും വിമാനയാത്രക്കൂലി ഇരട്ടിയിലധികമായതും അവരുടെ വരവിനെ സാരമായി ബാധിച്ചു.
കൂടാതെ മൂന്നാറിൽ മഴക്കാലം ശക്തി പ്രാപിക്കാത്തതും മൺസൂൺ ടൂറിസത്തിന് കനത്ത തിരിച്ചടിയായി. മഴ ലഭിക്കാത്തതിനാൽ മേയ് 1 മുതൽ മാട്ടുപ്പെട്ടി ഡാമിൽ ബോട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.
മൺസൂൺ ടൂറിസം സീസണിൽ വിദേശ സഞ്ചാരികളെ വരവേൽക്കാൻ മുന്തിയ റിസോർട്ടുകളിലെല്ലാം പ്രത്യേക ആഹാര മെനുവുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും വെറുതെയായി. ശനി, ഞായർ ദിവസങ്ങളിൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഏതാനും സഞ്ചാരികൾ മാത്രമാണ് മൂന്നാർ സന്ദർശനത്തിനെത്തുന്നത്.
ഇതു കൂടാതെ പഴയ മൂന്നാറിലെ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവും മൺസൂൺ ടൂറിസത്തിന് തിരിച്ചടിയായി. തേക്കടിക്കും പ്രതിസന്ധി കാലവർഷം ദുർബലമായതോടെ, 142 അടി അനുവദനീയ സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ കേവലം 112.35 അടി വെള്ളം മാത്രമാണുള്ളത്.
2 അടി കൂടി താഴ്ന്നാൽ തേക്കടി തടാകത്തിലെ ബോട്ടിങ്ങിനെ പ്രതികൂലമായി ബാധിക്കും. മഴ ലഭിക്കാത്തതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വളരെ കുറവാണ്.
സെക്കൻഡിൽ 156 ഘനയടി വെള്ളം മാത്രമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ശുദ്ധജല വിതരണത്തിനായി സെക്കൻഡിൽ 243 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് തുറന്നു വിട്ടിട്ടുണ്ട്.
മധുരയിലേക്ക് സെക്കൻഡിൽ 100 ഘനയടിയും തേനി ജില്ലയിലെ ശുദ്ധജല വിതരണത്തിന് 143 ഘനയടിയും വെള്ളം മാത്രമാണ് ഇപ്പോൾ ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. മണിക്കൂറിൽ 42 മെഗാവാട്ട് വീതം വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 4 ജനറേറ്ററുകളുള്ള ലോവർ ക്യാംപ് വൈദ്യുതി നിലയത്തിന്റെ പ്രവർത്തനങ്ങൾ മാസങ്ങളായി നിലച്ചിരിക്കുകയാണ്.
വേനൽക്കാലത്ത് 2 മാസം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്ന വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം ജൂൺ ആദ്യവാരം ആരംഭിക്കാറുള്ളതാണ്. എന്നാൽ ഈ വർഷം ഈ പതിവ് മുടങ്ങി.
അടുത്ത മാസം ടൂറിസം സീസൺ സജീവമാകുന്നതിനു മുൻപ് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ തേക്കടിയിലെ ബോട്ടിങ് പ്രതിസന്ധിയിലാകും. യാത്രകൾ റദ്ദാക്കി സഞ്ചാരികൾ മൺസൂൺ ടൂറിസം പ്രതീക്ഷിച്ച് ചിന്നക്കനാൽ മേഖലയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്.
ഗൾഫിൽ നിന്നുൾപ്പെടെ ഇൗ സമയം ധാരാളം സഞ്ചാരികൾ എത്തിയിരുന്നു. ഇത്തവണ എൽനിനോ പ്രതിഭാസം മൂലം മഴ കുറഞ്ഞതോടെ പലരും യാത്ര റദ്ദാക്കി.
ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ വെള്ളച്ചാട്ടങ്ങളിലും വെള്ളമില്ല. ഇതോടെ തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് മുൻപ് മുറികൾ ബുക്ക് ചെയ്ത പലരും റദ്ദാക്കിയതായി ഹോട്ടൽ, ഹോംസ്റ്റേ ഉടമകൾ പറയുന്നു.
കാെളുക്കുമല സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിൽമാത്രം കാര്യമായ കുറവില്ല. ഇടുക്കിയിലെ സ്ഥിതി മഴക്കുറവ് നിലവിൽ ഇടുക്കി അണക്കെട്ട് ബോട്ടിങ്ങിനെ ബാധിച്ചിട്ടില്ല.
ഇവിടെ വനം വകുപ്പ് നടത്തുന്ന ബോട്ടിങ് പതിവു പോലെ തുടരുന്നു. എന്നാൽ സന്ദർശകർ കുറവാണ്.
ഇടുക്കിയിൽ സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ കാര്യമായ സന്ദർശകർ ഉണ്ടാകാറില്ല. ഇനി ഓണത്തോടനുബന്ധിച്ചു അണക്കെട്ടുകൾ തുറന്നെങ്കിൽ മാത്രമേ സന്ദർശക പ്രവാഹം ഉണ്ടാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

