ഇരിട്ടി താലൂക്കിലെ ആറളം ഫാമിലും സമീപ പ്രദേശങ്ങളിലും കാട്ടാനകളുടെ നിരന്തര ആക്രമണം ജനജീവിതം ദുസ്സഹമാക്കുന്നു. ഫാം പുനരധിവാസ മേഖലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് ഒരു വീടിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഇതിനുപുറമേ ഫാമിന് പുറത്തുള്ള പെരുംപഴശ്ശിയിലും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. ജനവാസ മേഖലയിലെ വീടുകളുടെ മുറ്റം വരെ കാട്ടാനകളെത്തിയത് പ്രദേശത്ത് കടുത്ത ഭീതി പരത്തിയിട്ടുണ്ട്.
ഇന്നലെ പുലർച്ചെ 3 മണിയോടെയായിരുന്നു ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ 173-ാം നമ്പർ പ്ലോട്ട് താമസിക്കുന്ന ഗോപാലന്റെ വീടിനു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്ന് ഭക്ഷണം പാകം ചെയ്യാൻ നിർമിച്ചിരുന്ന ഷെഡ് ആന പൂർണ്ണമായും തകർത്തു.
ഈ സമയത്ത് കുടുംബാംഗങ്ങൾ വീടിനുള്ളിൽ ഉണ്ടായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കൂടാതെ പുരയിടത്തിലുണ്ടായിരുന്ന വാഴ ഉൾപ്പെടെയുള്ള കൃഷിവിളകളും ആന നശിപ്പിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിന് ഇരയാകുന്ന മൂന്നാമത്തെ വീടാണിത്. ഈ തുടർച്ചയായ ആക്രമണങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
തുടർന്ന് പുലർച്ചെ 4 മണിയോടെ ആറളം ടൗണിന് സമീപമുള്ള പെരുംപഴശ്ശിയിലെ ജനവാസ മേഖലയിലും കാട്ടാനക്കൂട്ടം എത്തിയത് ആശങ്ക വർധിപ്പിച്ചു. രണ്ട് വലിയ ആനകളും ഒരു കുട്ടിയാനയും അടങ്ങിയ സംഘമാണ് ഇവിടെയെത്തിയത്.
കെ.പി.നജീബ്, കെ.കെ.റിജു, അബ്ദുൽ റഹ്മാൻ, അബൂബക്കർ എന്നിവരുടെ വീടുകളുടെ മുറ്റത്തും പറമ്പുകളിലും കയറിയ ആനക്കൂട്ടം തെങ്ങുകളും വാഴകളും നശിപ്പിച്ചു. ആനകളുടെ ശബ്ദം കേട്ട് ഭയന്നുപോയ വീട്ടുകാർ പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ തന്നെ കഴിയുകയായിരുന്നു.
സംഭവത്തെ തുടർന്ന് ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഫാമിലെ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പെരുംപഴശ്ശിയിൽ കീഴ്പ്പള്ളി സെക്ഷൻ അധികൃതരും എത്തിയിരുന്നു.
ആറളം ഫാമിലും സമീപ പ്രദേശങ്ങളിലുമായി ഏകദേശം 25 മുതൽ 30 വരെ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വനപാലകർ ഇവയെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് തന്നെ തിരിച്ചെത്തുകയാണ്.
ഫലപ്രദമായ കാട്ടാന പ്രതിരോധ സംവിധാനങ്ങളുടെ കുറവാണ് തുടർച്ചയായ ഇത്തരം ആക്രമണങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന് ശാശ്വത പരിഹാരമാകേണ്ട
ആനമതിൽ നിർമാണം വളരെ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന പരാടിയും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

