സംസ്ഥാനത്തെ കാർഷിക മേഖലയിൽ കനത്ത തിരിച്ചടിയായി രാസവളങ്ങളുടെയും കുമിൾനാശിനിയായ തുരിശിന്റെയും (കോപ്പർ സൾഫേറ്റ്) വില കുത്തനെ ഉയർന്നു. വിപണിയിൽ ഇവയുടെ വില ഇരട്ടിയിലധികം വർധിച്ചതാണ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
സ്വർണവിലയിലുണ്ടായ വർധനവിനെ തുടർന്ന് ചെമ്പിന് ആവശ്യക്കാരുയർന്നതാണ് ചെമ്പ് പ്രധാന ഘടകമായ തുരിശിന്റെ വില ഉയരാൻ പ്രധാന കാരണം. കിലോഗ്രാമിന് 210 രൂപയിൽ നിന്ന് 540 രൂപയായാണ് തുരിശിന്റെ വില വർധിച്ചിട്ടുള്ളത്.
ഉത്പാദനക്കുറവും സംഭരണത്തിലെ കുറവും കാരണം വിപണിയിൽ തുരിശ് ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. തെങ്ങ്, കുരുമുളക്, പച്ചക്കറി, റബർ തുടങ്ങിയ വിളകളിലെ കുമിൾ രോഗങ്ങൾ പ്രതിരോധിക്കുന്നതിനാണ് പ്രധാനമായും തുരിശ് ഉപയോഗിക്കുന്നത്.
വരാനിരിക്കുന്ന മഴക്കാലത്ത് ഇതിന്റെ ആവശ്യം വർധിക്കുമെന്നിരിക്കെ, ഈ വിലക്കയറ്റം കർഷകരുടെ നട്ടെല്ലൊടിക്കുന്നതാണ്. ഇതിന് പുറമെ രാസവള വിലയിലുണ്ടായ വൻ വർധനവും കർഷകരെ ആശങ്കയിലാഴ്ത്തുന്നു.
ഫെബ്രുവരി മാസം വരെ 1425 രൂപയുണ്ടായിരുന്ന ഫാക്ടംഫോസ് ചാക്കിന് ഇപ്പോൾ 2300 രൂപയാണ് വില. പൊട്ടാഷിന്റെ വില 1800 രൂപയിൽ നിന്ന് 2200 രൂപയായും ഉയർന്നു.
ഇതിനൊപ്പം വിവിധ കോംപ്ലക്സ് വളങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. അടുത്ത മാസം മുണ്ടകൻ നെൽകൃഷിയും നവംബറിൽ പുഞ്ചക്കൃഷിയും ആരംഭിക്കാനിരിക്കെയാണ് ഈ പ്രതിസന്ധി.
ഇറാൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ വളം നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. കൂടാതെ, കേന്ദ്ര സർക്കാർ രാസവള കമ്പനികൾക്ക് നൽകിവന്നിരുന്ന സബ്സിഡി വെട്ടിക്കുറച്ചതും വിലക്കയറ്റം രൂക്ഷമാക്കിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

