കോഴിക്കോട് ജില്ലയിലെ നാദാപുരം കുമ്മങ്കോട് പ്രദേശത്ത് പുലി ഇറങ്ങിയെന്ന അഭ്യൂഹങ്ങൾക്കിടെ, ആയഞ്ചേരി ഭാഗങ്ങളിലും സാന്നിധ്യമുള്ളതായി സംശയം ഉയർന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ആയഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിലെ പാലോറക്കുന്നു പ്രദേശത്ത് അധികൃതരുടെ നേതൃത്വത്തിൽ വിശദമായ ഡ്രോൺ പരിശോധന സംഘടിപ്പിച്ചു.
ജനപ്രതിനിധികളും നാട്ടുകാരും വിഷയം കുറ്റ്യാടി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി ആശങ്ക അറിയിച്ചിരുന്നു. തുടർന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ ഇടപെടുകയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്താൻ നിർദ്ദേശം നൽകുകയുമായിരുന്നു.
പരിശോധനയ്ക്കായി രണ്ടര കിലോമീറ്റർ ദൃശ്യപരിധിയുള്ള (വിസിബിലിറ്റി) ഡ്രോൺ ആണ് ഉപയോഗിച്ചത്. എന്നാൽ, വിശദമായ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സംബന്ധിച്ച യാതൊരുവിധ സൂചനകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരിശോധനയോട് അനുബന്ധിച്ച് നടന്ന നടപടികളിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അസ്യ, തൊടണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രവി കോരപ്പാണ്ടി, വാർഡ് മെമ്പർ സീനത് ആക്കായി, വനം വകുപ്പ് ഉദ്യോഗസ്ഥർ, ആർആർടി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

