മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.
തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഗൂഢാലോചനയുടെ തലപ്പത്ത് നരേന്ദ്ര മോദിയും അമിത് ഷായും ആണെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്.
വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെ രണ്ട് കമ്മീഷണർമാർ എതിർത്തിരുന്നുവെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, താൻ നേരത്തെ ഉന്നയിച്ച വോട്ട് ചോരിയും വിരൽ ചൂണ്ടുന്നത് ഈ കാര്യത്തിലേക്ക് തന്നെയാണെന്ന് വ്യക്തമാക്കി. വോട്ട് ചോരി മാത്രമല്ല, നിയമ അട്ടിമറിയും നടന്നിട്ടുണ്ട്.
ഭരണഘടനാ സ്ഥാപനങ്ങളെ ഇവർ തകർത്ത കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ഭാവി തലമുറ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താൻ പറയുന്നത് യാതൊരുവിധ ഭാവനയുമല്ലെന്നും വ്യക്തമായ വസ്തുതകളാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ പരാമർശമുള്ള വീഡിയോ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇത്തരത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കാനാകില്ലെന്നും, താൻ വരുന്നത് ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പരാജയപ്പെട്ട ചരിത്രമുണ്ട്.
എന്നിരിക്കെ, എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള്‍ ഇത്തരത്തിൽ സംസാരിക്കുന്നത്? ബിജെപിയുടെ വിജയങ്ങൾക്ക് പിന്നിൽ കൃത്രിമത്വമുണ്ടെന്നും അതിന്റെ ഉത്തരമാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വോട്ടുകളും ഭരണഘടനയും തകര്‍ക്കപ്പെടുകയാണ്.
ജനങ്ങളുടെ വോട്ട് സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന് തകര്‍ക്കപ്പെട്ടാൽ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നിലനില്പ്പില്ലാതെയാകും.
മോദി, അദാനി മുതല്‍ ഗ്യാനേഷ് കുമാര്‍ വരെയുള്ളവരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ. ഇവര്‍ ജനങ്ങളുടെ വോട്ട് മോഷ്ടിക്കുകയാണ്.
ഗ്യാനേഷ് കുമാർ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ചോയ്സ് ആയിരുന്നു. നമ്മുടെ വോട്ടിംഗ് സമ്പ്രദായം തകർത്തതിന്റെ പൂർണ ഉത്തരവാദി ഗ്യാനേഷ് കുമാറാണ്.
വോട്ട് മോഷ്ടിക്കുന്നവർ നടത്തുന്ന നിയമനിർമ്മാണം പൂർണമായും നിയമവിരുദ്ധമാണ്. വരുന്ന 5-6 മാസത്തിനിടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും രാഹുൽ വ്യക്തമാക്കി.
2023 ഡിസംബറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അനുകൂലമായ നിയമനിർമ്മാണം നടന്നപ്പോൾ താൻ അതിനെ ശക്തമായി എതിർക്കുകയും സിഇസി (CEC) നിയമനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മഹാദേവപുരയിലെ വോട്ട് ചോർച്ച മുതൽ ഹരിയാനയിൽ ഒടുവിൽ നടന്ന സംഭവങ്ങൾ വരെ സമാനതയുള്ളതാണ്.
അവിടെയൊന്നും വോട്ട് ചോർച്ച നടന്നില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാറടക്കം ശ്രമിച്ചത്. മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ് ചെയ്തത്.
അതിനാൽ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നും രാജ്യത്തിനെതിരായ കൃത്യമായ നീക്കമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

