തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ക്രമക്കേടിൽ മൂന്ന് കണ്ടക്ടർമാർക്ക് ഔദ്യോഗികമായി നോട്ടീസ് അയച്ചു. വനിതാ യാത്രികർക്കായി അനുവദിച്ച ‘സീറോ വാല്യൂ’ ടിക്കറ്റുകൾ പുരുഷ യാത്രികർക്ക് നൽകി അവരിൽ നിന്നും നിരക്ക് ഈടാക്കി തട്ടിപ്പ് നടത്തിയെന്നാണ് പ്രധാന ആക്ഷേപം.
ബസുകളിൽ നടത്തിയ പ്രത്യേക പരിശോധനകൾക്കിടയിലാണ് ഈ വെട്ടിപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സർവീസുകളിൽ കർശന പരിശോധന ഏർപ്പെടുത്താൻ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.
ഇത്തരം അനധികൃത ഇടപാടുകൾ കാരണം കെഎസ്ആർടിസിക്ക് വലിയ തോതിൽ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിരുന്നു. സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന ഈ പദ്ധതി പ്രകാരം സീറോ വാല്യൂ ടിക്കറ്റുകളുടെ തുക സർക്കാരാണ് കോർപ്പറേഷന് നൽകുന്നത്.
ഈ അനുകൂല്യം ദുരുപയോഗം ചെയ്താണ് ചില ജീവനക്കാർ പുരുഷ യാത്രികർക്ക് ഈ ടിക്കറ്റുകൾ നൽകി പണം സ്വന്തം അക്കൗണ്ടിലാക്കുന്നത്. ഭൂരിഭാഗം യാത്രക്കാരും ടിക്കറ്റ് പരിശോധിക്കാത്തത് തട്ടിപ്പുകാർക്ക് സൗകര്യമാകുന്നുണ്ട്.
യാത്രക്കാർ ചോദ്യം ചെയ്യുമ്പോൾ ജീവനക്കാർ അബദ്ധം പറ്റിപ്പോയെന്ന് പറഞ്ഞ് ഒഴിയുകയും പകരം ടിക്കറ്റ് നൽകി തടിയൂരുന്നതുമാണ് നിലവിലെ രീതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

