ബെംഗളൂരുവിൽ ക്രൂരകൃത്യം. 13 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭൂഗർഭ ജലസംഭരണിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ.
കർണാടകയിലെ ചിക്കബെല്ലാപൂരിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞും പെൺകുട്ടിയായി ജനിച്ചതിലുള്ള കടുത്ത നിരാശയും ദേഷ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ കുട്ടിയുടെ പിതാവായ ഇമ്രാനെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുവർഷം മുൻപാണ് ഈ ദമ്പതികൾ വിവാഹിതരായത്.
ഇവർക്ക് ആദ്യത്തെ കുട്ടിയും പെൺകുഞ്ഞായിരുന്നു. തുടർന്ന് 13 ദിവസം മുൻപാണ് യുവതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.
പ്രസവാനന്തരം അമ്മയും കുഞ്ഞും സ്വന്തം വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഭാര്യവീട്ടിലെത്തിയ ഇമ്രാൻ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തു പുറത്തുണ്ടായിരുന്ന ഭൂഗർഭ ജലസംഭരണിയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
ക്രൂരകൃത്യത്തിന് ശേഷം യാതൊരു ഭാവമാറ്റവുമില്ലാതെ തിരികെ വന്നു കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പരിഭ്രാന്തരായി തിരച്ചിൽ ആരംഭിച്ചു.
ഈ തിരച്ചിലിൽ ഇമ്രാനും അതീവ ജാഗ്രതയോടെ പങ്കുചേർന്നിരുന്നു. മാത്രമല്ല, ജലസംഭരണി കൂടി പരിശോധിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടതും ഇമ്രാൻ തന്നെയാണ്.
തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിന് മുകളിൽ കുഞ്ഞിന്റെ തൊപ്പിയും സോക്സും പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വെള്ളം വറ്റിച്ച കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
കേവലം 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തനിയെ ജലസംഭരണിയുടെ അരികിലേക്ക് പോകില്ലെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഈ ക്രൂരതയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്.
സംഭവത്തിന് പിന്നാലെ പൊലീസ് ഇമ്രാനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇനി മറ്റൊരു പെൺകുട്ടിയെ തനിക്ക് വേണ്ട
എന്ന് ഇമ്രാൻ മൊഴി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

