പഞ്ചാബിലെ അമൃത്സറിൽ വെച്ച് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധുവിന് അക്രമത്തിൽ വെടിയേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമൃത്സർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വഴിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് സന്ധുവിനെ നാട്ടുകാർ കണ്ടെത്തിയത്. ഇതേത്തുടർന്ന് പ്രദേശവാസികൾ ചുറ്റും തടിച്ചുകൂടിയതിൻ്റെയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആശുപത്രിയിലെത്തിക്കും മുൻപ് ഇദ്ദേഹത്തിന് വലിയ തോതിൽ രക്തം വാർന്നുപോയതായാണ് ലഭ്യമാകുന്ന വിവരം. വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു.
എന്നാൽ ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ പ്രതികളെക്കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ പുരോഗമിക്കുകയാണെന്നും സാക്ഷികളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സന്ധു മരണപ്പെട്ടുവെന്ന് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രചരിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും വൻ ജനപ്രീതിയുള്ള വ്യക്തിയാണ് മാഡ് സന്ധു.
ഈ ആക്രമണ വാർത്ത അമൃത്സറിലും ഡിജിറ്റൽ ലോകത്തും വലിയ ഞെട്ടലും ആശങ്കയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണവും കുറ്റവാളികളെയും എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

