മുഹമ്മയിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്നയാളെ കിടപ്പുമുറിയിൽ തലയ്ക്കു പരുക്കേറ്റു രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കൊലപാതകത്തിനു കേസെടുത്താണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
തണ്ണീർമുക്കം കരീക്കാട് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് കൊല്ലപ്പെട്ടത്. തലയുടെ പിന്നിൽ ഇടതുചെവിക്കു സമീപമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ ഏഴോടെ കട്ടിലിൽ കമഴ്ന്നുകിടക്കുന്ന നിലയിലാണ് മുഹമ്മ പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെയുള്ള പരാതിയുമായി ബന്ധപ്പെട്ട് ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതിനെ തുടർന്ന് പൊലീസ് വസതിയിലെത്തിയപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.
മൃതദേഹത്തിന്റെ തലയ്ക്കും ചെവിക്കു പിന്നിലും ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. കൂടാതെ ഇടത്തെ കാലിലും ചെറിയൊരു മുറിവ് കണ്ടെത്തിയിട്ടുണ്ട്.
സംഭവസമയം വീടിന്റെ പ്രധാന വാതിൽ തുറന്ന നിലയിലായിരുന്നു കിടന്നിരുന്നത്. മുറിക്കുള്ളിൽ നിന്ന് ഒടിഞ്ഞ നിലയിലുള്ള ഒരു മുളവടിയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
വിവരമറിഞ്ഞ് ആലപ്പുഴയിൽ നിന്ന് വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. തടിപ്പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്ന സന്തോഷ് കഴിഞ്ഞ രണ്ടുവർഷമായി ഇവിടെ ഒറ്റയ്ക്കായിരുന്നു താമസമെന്ന് പൊലീസ് അറിയിച്ചു.
ഭാര്യയും മക്കളും നിലവിൽ ഭാര്യവീട്ടിലാണ് താമസം താമസിച്ച് വരുന്നത്. പ്രദേശവാസികളുമായി ഇയാൾ വലിയ അടുപ്പത്തിലോ സൗഹൃദത്തിലോ അല്ലായിരുന്നുവെന്നും വിവരമുണ്ട്.
കഴിഞ്ഞദിവസം സമീപവാസിയായ പെൺകുട്ടിയോടു മോശമായി സംസാരിച്ചുവെന്നാരോപിച്ചു പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച സ്റ്റേഷനിലേക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സന്തോഷ് എത്തിയിരുന്നില്ല.
തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം വീട്ടിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് സംഘം പരിശോധിച്ചു വരുന്നുണ്ട്.
സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, ചേർത്തല ഡിവൈഎസ്പി മഞ്ജുലാൽ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചേർത്തല സർക്കിൾ ഇൻസ്പെക്ടർ മഞ്ജുദാസിനാണ് ഈ കേസിന്റെ അന്വേഷണച്ചുമതല നൽകിയിട്ടുള്ളത്.
തുടർനടപടികൾക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മരണപ്പെട്ട
സന്തോഷിന്റെ ഭാര്യ: സുനിത. മക്കൾ: സ്വർണ സന്തോഷ്, സൂര്യ പണിക്കർ, സാരംഗ് പണിക്കർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

