ദുബായ്: വനിതാ ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വി മുഖ്യാതിഥിയായി എത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉയരുന്നു. സെപ്റ്റംബർ 13-ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ദുബായിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം കിരീടം ചൂടുകയാണെങ്കിൽ, നഖ്വിയിൽ നിന്ന് വിജയികൾക്കുള്ള ട്രോഫി സ്വീകരിക്കുമോ എന്ന കാര്യത്തിൽ കായികലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. കഴിഞ്ഞ വർഷം ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പുരുഷ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയിരുന്നു.
എന്നാൽ മത്സരശേഷം അന്നത്തെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് നേതൃത്വം നൽകിയ ടീം, മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിലും നഖ്വിയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യ ഈ ശക്തമായ നിലപാട് എടുത്തത്.
അന്ന് സമ്മാനദാനം മണിക്കൂറുകളോളം വൈകിയെങ്കിലും ഇന്ത്യ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും ട്രോഫിയില്ലാതെ വേദിയിൽ വിജയം ആഘോഷിക്കുകയും ചെയ്യുകയുണ്ടായി. ആ ട്രോഫി ഇപ്പോഴും ദുബായിലെ എസിസി ഓഫീസിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന വനിതാ ഏഷ്യാ കപ്പിൽ ഒരു മത്സരത്തിലും തോൽവിയറിയാതെയാണ് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ തായ്ലൻഡ്, ഹോങ്കോങ് എന്നിവരെ പരാജയപ്പെടുത്തിയ ഇന്ത്യ, പാകിസ്ഥാനെ വെറും 55 റൺസിന് പുറത്താക്കി 7 വിക്കറ്റിന്റെ തകർപ്പൻ ജയവും സ്വന്തമാക്കിയിരുന്നു.
ഈ ടൂർണമെന്റിനിടയിൽ ഇന്ത്യൻ താരം സ്മൃതി മന്ദാന, മിതാലി രാജിന്റെ റെക്കോർഡ് മറികടന്ന് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ചരിത്ര നേട്ടവും കൈവരിച്ചു. ടൂർണമെന്റിൽ കിരീട
സാധ്യതയിൽ മുന്നിലുള്ള ഇന്ത്യ ഫൈനലിൽ വിജയം വരിക്കുകയാണെങ്കിൽ, നഖ്വി ട്രോഫി സമ്മാനിക്കുന്നതിൽ ബിസിസിഐയും ഇന്ത്യൻ ടീമും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിൽ ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

