തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ (Low Alcoholic Beverages) നികുതി നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.
2017-ൽ ബകാർഡി കമ്പനി ആരംഭിച്ച നീക്കങ്ങൾക്ക് അന്നത്തെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് തടയിട്ടുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2018 ആഗസ്റ്റ് 13-ന് അന്നത്തെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്, നികുതി വകുപ്പ് സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് ശ്രദ്ധേയമാകുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അപകടകരമാണെന്നും, ഇത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ശീതളപാനീയങ്ങൾ പോലെ ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ പിന്നീട് മദ്യപാന ശീലത്തിലേക്കുള്ള വാതിലായി മാറുമെന്നും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു.
എക്സൈസ് കമ്മിഷണറുടെ ഈ നിലപാടിനെ മറികടക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇടപെട്ടതായാണ് സൂചന. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി ഉണ്ടാക്കുമെന്നതിന് തെളിവില്ലെന്ന നിലപാടാണ് അഡീഷണൽ ചീഫ് സെക്രട്ടറി സ്വീകരിച്ചത്.
2017-ൽ ബകാർഡി കമ്പനി അന്നത്തെ മന്ത്രി ടി പി രാമകൃഷ്ണന് നൽകിയ കത്തിന്മേലാണ് നടപടികൾ ആരംഭിച്ചത്. എക്സൈസ് വകുപ്പ് അനുമതി നൽകിയാൽ തങ്ങൾക്ക് ബകാർഡി ബ്രീസർ വിൽക്കുന്നതിൽ എതിർപ്പില്ലെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനും (ബെവ്കോ) അറിയിക്കുകയുണ്ടായി.
എക്സൈസ് വകുപ്പിന്റെ കർശനമായ എതിർപ്പ് നിലനിൽക്കെ നടന്ന ഈ ആശയവിനിമയങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

