പശ്ചിമ ബംഗാളിൽ വിപുലമായ ജനക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായം ഉറപ്പാക്കുന്ന അന്നപൂർണ യോജനയുടെ ഫോം വിതരണം മേയ് 27 മുതൽ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഗുണഫലങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സ്കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യഷോപ്പുകൾ അനുവദിക്കില്ല. കൂടാതെ, സാധാരണക്കാർക്ക് ആശ്വാസമേകാൻ 400 പ്രത്യേക കന്റീനുകൾ വഴി ആഴ്ചയിൽ രണ്ടുതവണ 5 രൂപ നിരക്കിൽ മീൻകൂട്ടിയുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിൽ നിന്ന് വേർപെടുത്തി പുതിയ ആയുഷ് വകുപ്പ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. അനധികൃത കുടിയേറ്റം തടയുന്നതിൽ കർശന നിലപാട് സ്വീകരിക്കുമെന്നും, കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുൻപായി താമസിപ്പിക്കാൻ പ്രത്യേക സെന്ററുകൾ സജ്ജമാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
ബംഗ്ലദേശി കുടിയേറ്റക്കാരെ തിരിച്ചറിയുന്ന മുറയ്ക്ക് ബിഎസ്എഫിന് കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന നടപടികൾ സുതാര്യമാക്കാൻ ലക്ഷ്യമിട്ട് പുതിയ റിക്രൂട്ട്മെന്റ് നയം അടുത്ത ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
ഇതിനായി ആവശ്യമായ ബില്ലുകൾ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും. കൂടാതെ, 2021-ലെ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ചും, ഇതുവരെ അന്വേഷണം നടക്കാത്ത എല്ലാ കൊലപാതക കേസുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

