ഓൺലൈൻ ആക്ഷേപഹാസ്യ കൂട്ടായ്മയായ സിജെപിയുടെ പേരിൽ രാഷ്ട്രീയ പാർട്ടി റജിസ്റ്റർ ചെയ്യുന്നതിനായി ഹരിയാന പാനിപ്പത്തിലെ അഭിഭാഷകനായ സുധീർ ജാഖർ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. യുഎസിൽ താമസിക്കുന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അഭിജീത് ദിപ്കെയെ ഒഴിവാക്കിക്കൊണ്ടുള്ളതാണ് ഈ നടപടി.
ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരമാണ് സിജെപിയുടെ ‘ദേശീയ കൺവീനർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സുധീർ ജാഖർ അപേക്ഷ സമർപ്പിച്ചത്. പാർട്ടിയുടെ ലോഗോയായ ‘കോക്ക്റോച്ച്’ ഉൾപ്പെടെയുള്ള വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചാൽ, സിജെപിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ നിയന്ത്രണം സുധീർ ജാഖറിന് അവകാശപ്പെടാൻ സാധിക്കും. തുടക്കം സുപ്രീം കോടതി പരാമർശത്തിൽനിന്ന്
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിൽരഹിതരായ യുവാക്കളെക്കുറിച്ച് നടത്തിയ പരാമർശത്തിൽ നിന്നാണ് സിജെപിയുടെ ഉദയം.
‘‘തൊഴിലില്ലാത്ത ചില ചെറുപ്പക്കാർ കോക്ക്റോച്ചുകളെപ്പോലെയാണ്. അവർക്ക് തൊഴിലോ പ്രഫഷനിൽ ഇടമോ ലഭിക്കുന്നില്ല.
അവരിൽ ചിലർ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ആർടിഐ പ്രവർത്തകരായും മറ്റ് ആക്ടിവിസ്റ്റുകളായും മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു’’ എന്നായിരുന്നു പരാമർശം. ഇതിനു പിന്നാലെ രൂപംകൊണ്ട
സിജെപി ചുരുങ്ങിയ സമയം കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയിൽ സിജെപിയുടെ എക്സ് അക്കൗണ്ട് തടയപ്പെട്ടെങ്കിലും, പ്രസ്ഥാനം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഭിന്നത
പാർട്ടി റജിസ്റ്റർ ചെയ്യുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങണമെന്ന് അഭിജീത് ദിപ്കെയോട് ആവശ്യപ്പെട്ടെങ്കിലും, ബോസ്റ്റൻ സർവകലാശാലയിൽ പഠിക്കുന്ന അദ്ദേഹം അതിന് വിസമ്മതിച്ചു. ‘‘ഈ മുന്നേറ്റത്തെ യഥാർഥ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ ദിപ്കെ വിസമ്മതിച്ചു.
യുവാക്കളുടെ രോഷവും കെട്ടിപ്പടുത്തതിന്റെ വ്യാപ്തിയും കണ്ടപ്പോൾ, മറ്റാരെങ്കിലും പേര് ആദ്യം റജിസ്റ്റർ ചെയ്ത് ദുരുപയോഗം ചെയ്താൽ മുഴുവൻ പ്രസ്ഥാനവും നഷ്ടമാകുമെന്നു തോന്നി. അതുകൊണ്ടു ഞങ്ങൾ തന്നെ മുന്നോട്ടു പോകാൻ തീരുമാനിച്ചു’’ എന്ന് സുധീർ ജാഖർ വ്യക്തമാക്കി.
ലക്ഷ്യങ്ങളും മാറ്റങ്ങളും
ഭരണഘടനയുടെ 51എ അനുച്ഛേദ പ്രകാരമുള്ള മൗലിക കർത്തവ്യങ്ങൾ, ജനാധിപത്യ പങ്കാളിത്തം, സാമൂഹിക ഓഡിറ്റ്, പരിസ്ഥിതി സംരക്ഷണം, നിയമ അവബോധം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ലക്ഷ്യങ്ങളായി ജാഖർ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, സിജെപി സമൂഹമാധ്യമങ്ങളിലൂടെ ആദ്യം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമാണ്.
വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് നൽകരുത്, 50% വനിതാ സംവരണം, വ്യവസായികളുടെ മാധ്യമ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയവയായിരുന്നു യഥാർത്ഥ ആവശ്യങ്ങൾ. അംഗീകാരം ലഭിച്ചാൽ സിജെപി ‘റജിസ്റ്റേർഡ് അൺറെക്കഗ്നൈസ്ഡ് പൊളിറ്റിക്കൽ പാർട്ടി’ (RUPP) വിഭാഗത്തിലായിരിക്കും ഉൾപ്പെടുക.
അതേസമയം, ‘കോക്ക്റോച്ച്’ ചിഹ്നം ലഭിക്കാൻ സാധ്യത കുറവാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചിഹ്ന പട്ടികയിൽ പ്രാണികൾ ഉൾപ്പെട്ടിട്ടില്ലാത്തതാണ് ഇതിന് കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

