ഇന്ധനവിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവയിൽ വരുത്തിയ കുറവ് സർക്കാരിന് കനത്ത വരുമാന നഷ്ടമുണ്ടാക്കിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വരുമാനമാണ് സർക്കാർ വേണ്ടെന്നുവെച്ചത്.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് ഇപ്പോഴത്തെ വിലവർധനയ്ക്ക് കാരണമെന്നും, വിപണിയിലെ മാറ്റങ്ങൾക്കനുസൃതമായാണ് എണ്ണ വിപണന കമ്പനികൾ വില നിശ്ചയിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സർക്കാർ എക്സൈസ് തീരുവ കുറയ്ക്കാൻ തയാറായില്ലായിരുന്നെങ്കിൽ നിലവിലെ വിലയിൽ 10 രൂപയുടെ അധിക വർധനയുണ്ടാകുമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.
“ആ ഭാരം സർക്കാർ ഏറ്റെടുത്തു.” എന്ന് നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. അസംസ്കൃത എണ്ണവിലയിലെ വർധന രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ സ്വാധീനിക്കുന്നതായും, ഈ പ്രതിസന്ധികളെ സർക്കാർ ആത്മവിശ്വാസത്തോടെ നേരിടുമെന്നും മന്ത്രി പറഞ്ഞു.
ഇന്ധനവിലയിലെ സാഹചര്യം സർക്കാർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള ഇടപെടലുകൾ ഉറപ്പാക്കുമെന്നും അവർ ഉറപ്പുനൽകി. ഇന്ധനത്തിന് പുറമേ രാജ്യാന്തര വിപണിയിൽ വളത്തിന്റെ വിലയിലും വലിയ തോതിലുള്ള വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ചെലവുചുരുക്കൽ അത്യാവശ്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം മുൻനിർത്തി, ഇന്ധനം (Fuel), വളം (Fertiliser), വിദേശനാണ്യം (Forex) എന്നീ ‘ത്രീ-എഫുകൾ’ (3Fs) ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രി ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

