ആലപ്പുഴയിൽ നടന്ന നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കുനേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നേരെ കോടതിയുടെ രൂക്ഷ വിമർശനം.
കേസന്വേഷണ റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ശാസിച്ചു. കേസ് പരിഗണിക്കുന്ന വിവരം നേരത്തെ അറിയിച്ചിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കാത്തതെന്താണെന്ന് കോടതി ആരാഞ്ഞു.
ഡിജിപിയുടെ യോഗത്തിൽ പങ്കെടുത്തതിനാലാണ് റിപ്പോർട്ട് വൈകിയതെന്ന ഉദ്യോഗസ്ഥന്റെ വിശദീകരണം കോടതി മുഖവിലയ്ക്കെടുത്തില്ല. അന്വേഷണ റിപ്പോർട്ടില്ലാതെ കേസ് പരിഗണിക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ച കോടതി, ഹർജി മാറ്റിവയ്ക്കുകയാണുണ്ടായത്.
കേസിൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടാണ് സമർപ്പിക്കാൻ കഴിയാതെ പോയത്. പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ പോലും കോടതിയിൽ ബോധിപ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
പ്രധാന അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാകാതിരുന്നതും കോടതിയുടെ അതൃപ്തിക്ക് കാരണമായി. അതേസമയം, കേസിലെ പ്രതികളായ ഗൺമാൻമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ നിർണായക വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
കേസ് രാഷ്ട്രീയ വൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നും, അറസ്റ്റ് ചെയ്താലും വിട്ടയക്കണമെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ ആവശ്യപ്പെടുന്നു. അന്വേഷണ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയെന്ന ആരോപണം എഡിജിപി എം.ആർ അജിത്ത് കുമാർ നിഷേധിച്ചു.
എന്നാൽ, അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം ഓഫീസ് ജീവനക്കാരായ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറിയും റിപ്പോർട്ടും തിരുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ എസ്ഐടിയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

