ആഗോള ഓഹരി വിപണിയിൽ ഇന്ത്യയുടെ സ്ഥാനം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഇതുവരെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ വിപണിയെ പിന്നിലാക്കി തായ്വാൻ ഈ നേട്ടം കരസ്ഥമാക്കി.
4.95 ട്രില്യൻ ഡോളർ വിപണിമൂല്യവുമായാണ് തായ്വാൻ അഞ്ചാം സ്ഥാനത്തെത്തിയത്. 4.92 ട്രില്യൻ ഡോളറാണ് ഇന്ത്യയുടെ നിലവിലെ വിപണിമൂല്യം.
ഇതോടെ ഇന്ത്യ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആഗോളതലത്തിൽ 77.96 ട്രില്യൻ ഡോളറുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ മൂല്യം 15.57 ട്രില്യൻ ഡോളറാണ്. 8.67 ട്രില്യൻ ഡോളറുമായി ജപ്പാൻ മൂന്നാം സ്ഥാനത്തും, 7.26 ട്രില്യൻ ഡോളറുമായി ഹോങ്കോങ് നാലാം സ്ഥാനത്തുമാണ്.
ഇന്ത്യയ്ക്ക് തൊട്ടുപിന്നിലായി 4.6 ട്രില്യൻ ഡോളറുമായി ദക്ഷിണ കൊറിയയും, 4.1 ട്രില്യൻ ഡോളറുമായി കാനഡയും തൊട്ടുപിന്നാലെയുണ്ട്. നിർമിതബുദ്ധി (എഐ) രംഗത്തെ മുന്നേറ്റമാണ് തായ്വാൻ വിപണിക്ക് കരുത്തായത്.
തായ്വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് (ടിഎസ്എംസി) എന്ന കമ്പനിയുടെ കുതിപ്പ് ഈ വളർച്ചയിൽ നിർണായകമായി. 2026ൽ ഇതുവരെ ടിഎസ്എംസി ഓഹരിവില 49% ഉയർന്നു.
തായ്വാൻ ഓഹരി സൂചികയിൽ 42% വെയിറ്റേജുള്ള കമ്പനിയാണ് ടിഎസ്എംസി. എഐ സാങ്കേതികവിദ്യയുടെ വളർച്ചയിൽ ഈ കമ്പനി വലിയ പങ്ക് വഹിക്കുന്നതിനാൽ, വരും ദിവസങ്ങളിലും തായ്വാൻ ഓഹരി വിപണിയിൽ അനുകൂല ട്രെൻഡ് തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
മറുവശത്ത്, കൃത്രിമ ബുദ്ധി അഥവാ എഐ മേഖലയിൽ വലിയ സാന്നിധ്യമാവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നത് പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ വിപണി അസ്ഥിരതയിലാണ്.
നിലവിലെ സാഹചര്യം തുടർന്നാൽ ദക്ഷിണ കൊറിയയും ഇന്ത്യയെ പിന്തള്ളാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

