തിരുവനന്തപുരം മൃഗശാല സന്ദർശകർക്ക് പുതിയ ദൃശ്യാനുഭവമൊരുക്കാൻ ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സീബ്രകൾ വീണ്ടുമെത്തുന്നു. ഗുജറാത്തിലെ ‘വൻതാര’ (ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ) കേന്ദ്രത്തിൽ നിന്നാണ് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്.
ഇതിനായുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
2002-ൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന ‘സീത’ എന്ന സീബ്ര 2017-ൽ പ്രായാധിക്യം മൂലം ചരിഞ്ഞതിനെത്തുടർന്നാണ് തിരുവനന്തപുരത്ത് സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. നിലവിൽ വൻതാര കേന്ദ്രത്തിൽ നിന്നും മൂന്നും അഞ്ചും വയസ്സ് പ്രായമുള്ള ഒരു ജോഡി സീബ്രകളെയാണ് കൈമാറുന്നത്.
മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ നേരിട്ടെത്തി ഇവയുടെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
പ്രത്യേകമായി സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് ഇവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം മൂന്ന് ദിവസം നീളുന്ന ഈ യാത്രാവേളയിൽ സീബ്രകൾക്ക് ഒപ്പമുണ്ടാകും.
പകരം വ്യവസ്ഥയുടെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാര അധികൃതർക്ക് കൈമാറും. വരുന്ന ഓണാവധിക്ക് മുൻപായി തന്നെ സന്ദർശകർക്ക് സീബ്രകളെ കാണാൻ സാധിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവിയും സൂപ്രണ്ട് ടി.വി.
അനിൽ കുമാറും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

