1947-ൽ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ അതിദയനീയമായ അവസ്ഥയിലായിരുന്നു രാജ്യത്തെ സമ്പദ്വ്യവസ്ഥ. പതിനാറു ശതമാനത്തിൽ താഴെ മാത്രമായിരുന്ന സാക്ഷരതയും തകർന്നടിഞ്ഞ കാർഷിക-വ്യവസായ മേഖലകളും രാജ്യത്തിന്റെ പരിമിതികളായിരുന്നു.
ആകെയുണ്ടായിരുന്ന വ്യാവസായിക അടിത്തറ ബ്രിട്ടനിലേക്ക് വിഭവങ്ങൾ കടത്താൻ മാത്രമായി നിർമ്മിച്ച റെയിൽവേ ശൃംഖല മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ബഹിരാകാശ ഗവേഷണങ്ങൾക്കായി കോടികൾ മാറ്റിവെച്ചത്.
ഇതിന്റെ പേരിൽ നെഹ്റുവിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ എത്രമാത്രം വസ്തുതാപരമാണെന്ന് പരിശോധിക്കേണ്ടതുണ്ട്. 1947-ൽ വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ നാഷണൽ ഫിസിക്കൽ ലബോറട്ടറി നിലവിൽ വന്നു.
പ്രമുഖ വ്യവസായ കുടുംബാംഗമായിരുന്ന വിക്രം സാരാഭായി സ്വന്തം പണം മുടക്കിയാണ് പലപ്പോഴും ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. ഇന്ത്യ ബഹിരാകാശ രംഗത്തേക്ക് കാൽവെക്കാൻ പിന്നീട് ഒന്നര പതിറ്റാണ്ടിലേറെ വേണ്ടിവന്നു.
ശൂന്യതയിൽ നിന്ന് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന് അടിത്തറ പാകിയതിൽ വിക്രം സാരാഭായിയെയും ഹോമി ജെ ഭാഭയെയും പോലുള്ള ശാസ്ത്രപ്രതിഭകളുടെ പങ്ക് നിസ്തുലമാണ്. എന്നാൽ അക്കാലത്തെ രാഷ്ട്രീയ ഭരണനേതൃത്വത്തിന്റെ പങ്ക് എന്തായിരുന്നു? രാജ്യം അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിച്ച ആ കാലഘട്ടത്തിൽ ആണവ-ബഹിരാകാശ മേഖലകൾക്ക് മുൻഗണന നൽകേണ്ടതുണ്ടോയെന്ന വലിയ ചോദ്യം രാജ്യവ്യാപകമായി ഉയർന്നിരുന്നു.
അക്കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും ബഹിരാകാശ മേഖലയിൽ നിർണ്ണായക മുന്നേറ്റങ്ങൾ നടത്തിയിരുന്നു. ശീതയുദ്ധത്തിന്റെ ഭാഗമായിരുന്ന ഈ രാജ്യങ്ങൾ തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കാനാണ് ബഹിരാകാശ ഗവേഷണത്തെ ഉപയോഗപ്പെടുത്തിയത്.
ബാലസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള റോക്കറ്റുകൾ വികസിപ്പിച്ചെടുത്തത് ശത്രുരാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ദൂരപൂർവ്വമായ ആയുധ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ലക്ഷ്യമിട്ടത് നമ്മുടെ ബഹിരാകാശ സാങ്കേതികവിദ്യകൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമായിരിക്കണം എന്നായിരുന്നു.
രാജ്യത്തിന്റെ സാമൂഹിക വെല്ലുവിളികൾ നേരിടാനും കാർഷിക-വ്യവസായ മേഖലകളെ അഭിവൃദ്ധിപ്പെടുത്താനും ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അന്നത്തെ ആണവമേഖലയുടെ ചുമതലക്കാരനായ ഹോമി ജെ ഭാഭയ്ക്കും യുവശാസ്ത്രജ്ഞനായ വിക്രം സാരാഭായിക്കും ഈ നയം വ്യക്തമാക്കിയാണ് നെഹ്റു ചുമതലകൾ കൈമാറിയത്.
ഇതിന്റെ തുടർച്ചയായി 1962-ൽ INCOSPAR (Indian National Committee for Space Research) രൂപീകൃതമായി. വിക്രം സാരാഭായി അധ്യക്ഷനായ എട്ടംഗ കമ്മിറ്റിയിൽ മലയാളി ശാസ്ത്രജ്ഞരായ പ്രൊഫസർ എം.ജി.കെ മേനോനും പി.ആർ പിഷാരടിയും അംഗങ്ങളായിരുന്നു.
ഈ സമിതിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതികൾക്ക് ഔദ്യോഗിക രൂപം നൽകിയത്. 1963-ൽ തിരുവനന്തപുരത്തെ തുമ്പയിൽ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് തുടക്കമാകുമ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആയിരുന്നു.
കാലാവസ്ഥാ പ്രവചനം, കാർഷിക മേഖലയുടെ ഉന്നമനം, നഗരാസൂത്രണം, ടെലിമെഡിസിൻ, ടെലിവിഷൻ സംപ്രേഷണം തുടങ്ങി മനുഷ്യന്റെയും ഭൂമിയുടെയും വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശ സാങ്കേതികവിദ്യയെ പിന്നീട് വിജയകരമായി പ്രയോജനപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചു. ക്രാന്തദർശികളായ ഒട്ടേറെ വ്യക്തികളുടെ കഠിനാധ്വാനമാണ് രാജ്യത്തെ ഈ നേട്ടങ്ങളിലേക്ക് നയിച്ചത്.
അതിൽ അന്നത്തെ രാഷ്ട്രീയ നേതൃത്വം നൽകിയ കൃത്യമായ ദിശാബോധം ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്. രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുമ്പോൾ, രാജ്യത്തിന്റെ വികസനത്തിൽ മുൻകാല നേതാക്കൾ നൽകിയ സംഭാവനകളെക്കുറിച്ച് പുതിയ തലമുറ കൃത്യമായ ചരിത്രബോധം വളർത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

