സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കളുടെ ലഭ്യത എന്നീ മേഖലകളിൽ സമഗ്രമായ സഹകരണം ലക്ഷ്യമിട്ട് ക്വാഡ് രാജ്യങ്ങളുടെ ഉന്നതതല യോഗം ദില്ലിയിൽ സമാപിച്ചു. പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള സുപ്രധാന ചട്ടക്കൂടിന് യോഗം അംഗീകാരം നൽകി.
ഹോർമുസ് കടലിടുക്കിലെ നിലവിലെ സംഘർഷാവസ്ഥ യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു. മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ യോഗത്തെ അറിയിച്ചു.
ക്വാഡ് അംഗരാജ്യങ്ങളുമായി നിലനിൽക്കുന്ന തന്ത്രപ്രധാനമായ സഖ്യം തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച യോഗം, അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രതിരോധിക്കുന്നതിൽ ഒറ്റക്കെട്ടായി നീങ്ങുമെന്ന് വ്യക്തമാക്കി.
ഉച്ചകോടിയുടെ ഭാഗമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ഇന്ത്യയിൽ വെച്ച് ഈ വർഷം നടക്കേണ്ടിയിരുന്ന രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയുടെ തിയ്യതി സംബന്ധിച്ച് അന്തിമ ധാരണയിൽ എത്താൻ സാധിച്ചില്ല.
യോഗത്തിനിടയിൽ അവശ്യ ധാതുക്കൾ, ഊർജ്ജ സുരക്ഷ എന്നീ മേഖലകളിലെ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായുള്ള ഉഭയകക്ഷി കരാറിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒപ്പുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

