കറുകച്ചാലിലെ പൈനാപ്പിൾ മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗം പേരും തിരികെ എത്താതതാണ് കാർഷിക മേഖലയെ സ്തംഭനത്തിലേക്ക് നയിക്കുന്നത്.
നിലവിൽ ആവശ്യമായ തൊഴിലാളികളിൽ 25 ശതമാനം പേർ മാത്രമാണ് ജോലിക്ക് എത്തുന്നത്. ഇതിനെത്തുടർന്ന് 75 ശതമാനത്തോളം കാർഷിക പ്രവൃത്തികൾ മുടങ്ങിക്കിടക്കുകയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ പുതിയ കൃഷിയിറക്കുന്നത് കുറയ്ക്കാനും, നിലവിലുള്ള തോട്ടങ്ങളുടെ പരിപാലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും പൈനാപ്പിൾ കർഷക കൂട്ടായ്മ നിർദേശിക്കുന്നു. വിപണിയിലെ വിലനിലവാരവും കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
വാഴക്കുളം മാർക്കറ്റിലെ നിലവിലെ കണക്കുകൾ പ്രകാരം ഒന്നാം ഗ്രേഡ് പച്ച പൈനാപ്പിളിന് കിലോയ്ക്ക് 43 രൂപയാണ് വില. എന്നാൽ പഴുത്ത പൈനാപ്പിളിന് കിലോഗ്രാമിന് 22 മുതൽ 24 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്.
കൃഷി ലാഭകരമാക്കുന്നതിന് കിലോഗ്രാമിന് കുറഞ്ഞത് 35 മുതൽ 40 രൂപ വരെ വില ലഭിക്കേണ്ടതുണ്ടെന്ന് കർഷകർ വ്യക്തമാക്കുന്നു. വളം വിലയിലുണ്ടായ കുതിച്ചുചാട്ടവും തൊഴിലാളി ക്ഷാമവും ചെറുകിട, ഇടത്തരം കർഷകരുടെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഇതിനു പുറമെ, രാസവള ഉപയോഗം കുറയ്ക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശവും വരുംദിവസങ്ങളിൽ കൃഷിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

