മോസ്കോ: യുക്രൈനിലെ സൈനിക, ഭരണകൂട കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
തലസ്ഥാന നഗരമായ കീവ് വിട്ടുപോകാൻ വിദേശ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും അധികൃതർ കർശന നിർദ്ദേശം നൽകി. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ ആക്രമണ പരമ്പരകൾക്ക് ശേഷം പുറത്തുവരുന്ന ഈ പ്രസ്താവന അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കീവിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ ആക്രമണങ്ങളിൽ ഏറ്റവും പുതിയ മധ്യദൂര ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ഓറെഷ്നിക് റഷ്യ ഉപയോഗിച്ചിരുന്നു.
100-ലധികം മിസൈലുകളും 600-ഓളം ഡ്രോണുകളും ഈ സൈനിക നീക്കത്തിനായി വിനിയോഗിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്ക് മേഖലയിലെ സ്റ്റാരോബിൽസ്കിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതാണ് ഇത്തരം കടുത്ത തിരിച്ചടിക്ക് പ്രേരിപ്പിച്ചതെന്ന് മോസ്കോ വിശദീകരിക്കുന്നു.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം സൈനിക കമാൻഡ് പോസ്റ്റുകൾ, തന്ത്രപ്രധാന തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്രങ്ങൾ, പ്രതിരോധ വ്യവസായ ശാലകൾ എന്നിവയാണ് ഇനി റഷ്യയുടെ പ്രധാന ലക്ഷ്യങ്ങൾ. ഡ്രോണുകൾ രൂപകൽപ്പന ചെയ്യുന്നതും നിർമ്മിക്കുന്നതുമായ നഗര കേന്ദ്രങ്ങളും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള പട്ടികയിലുണ്ട്.
കീവിലെ ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലകളിലുമായി ഇത്തരം സൈനിക-ഭരണപരമായ കേന്ദ്രങ്ങൾ വ്യാപിച്ചുകിടക്കുന്നതിനാൽ, വിദേശികൾക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഈ മുൻകൂർ മുന്നറിയിപ്പ് നൽകുന്നതെന്ന് റഷ്യ അവകാശപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

