തൃശൂർ ജില്ലയിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം അജയൻ (ഗിന്നസ് പക്രു) തന്റെ വിശേഷങ്ങൾ പങ്കുവെച്ചു. അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) ഏർപ്പെടുത്തിയ നോൺബ്രേക്കബിൾ ഗിന്നസ് റെക്കോർഡ് പുരസ്കാരം സമ്മാനിക്കുന്ന വേദിയിലായിരുന്നു ജനപ്രതിനിധികളുടെ സന്ദർഭോചിതമായ ഇടപെടലിനെ താരം സ്നേഹത്തോടെ പരാമർശിച്ചത്.
‘പൊക്കാൻ നിങ്ങളുണ്ടെങ്കിൽ പിന്നെന്തിനാണ് പൊക്കം’ എന്നായിരുന്നു താരത്തിന്റെ പരാമർശം. പക്രുവിനോളം താഴ്ന്നിരുന്നാണ് എംഎൽഎമാരായ കെ.രാജൻ, രാജൻ ജെ.പല്ലൻ എന്നിവർ അവാർഡ് സമ്മാനിച്ചത്.
“ഗിന്നസ് റെക്കോർഡ് ലഭിച്ചപ്പോൾ ഇത് ചെറിയ കാര്യമല്ല, ആഘോഷിക്കേണ്ട വലിയ കാര്യമാണെന്ന മമ്മൂട്ടിയുടെ പ്രതികരണമാണ് വലിയ പ്രചോദനം.” – ഗിന്നസ് പക്രു പറഞ്ഞു.
അദ്ഭുതദ്വീപിൽ കുതിരപ്പുറത്ത് യാത്ര ചെയ്തതിന്റെയും ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ വിദേശത്ത് ലഭിച്ച പരിഗണനയും അദ്ദേഹം ഓർമിച്ചു. മുഴുനീള സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായക നടൻ എന്ന വിഭാഗത്തിലാണ് 2008ൽ പക്രുവിന് ഗിന്നസ് ലഭിച്ചത്.
ഈ റെക്കോർഡ് 18 വർഷമായിട്ടും ആരും മറികടക്കാത്തതിനാലാണ് ‘ആഗ്രഹി’ന്റെ നേതൃത്വത്തിൽ ഇപ്പോൾ അനുമോദിച്ചത്. കെ.രാജൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് സത്താർ ആദൂർ അധ്യക്ഷനായി. പുതിയ റെക്കോർഡ് ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ മേയർ നിജി ജസ്റ്റിൻ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പുതിയ ഗിന്നസ് ജേതാക്കളെ അനുമോദിച്ചു. ഡപ്യൂട്ടി മേയർ എ.പ്രസാദ് ഗിന്നസ് റെക്കോർഡ് ജേതാക്കളെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു.
കൗൺസിലർ പൂർണിമ സുരേഷ്, സുനിൽ ജോസഫ്, അശ്വിൻ വാഴുവേലിൽ, തോമസ് ജോർജ്, ലത കളരിക്കൽ, വിജിത രതീഷ്, പ്രിജേഷ് കണ്ണൻ എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

