ഇറാൻ യുദ്ധത്തിനു പിന്നാലെ ലോകരാജ്യങ്ങളെ പിടിച്ചുലച്ച് റിഫൈനറി പ്രതിസന്ധി രൂക്ഷമാകുന്നു. ആവശ്യത്തിന് ക്രൂഡോയിൽ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും അവയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ വേർതിരിക്കാൻ ആവശ്യമായ എണ്ണശുദ്ധീകരണ ശാലകളുടെ അഭാവമാണ് പ്രധാന തിരിച്ചടിയായി മാറിയിരിക്കുന്നത്.
വിവിധ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ കയറ്റുമതി സെപ്റ്റംബറിൽ യുദ്ധത്തിനു മുൻപുള്ള അളവിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എങ്കിലും, ഇവിടങ്ങളിൽ നിന്നുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വരവ് ഇപ്പോഴും സാധാരണ അളവിന്റെ പകുതിയിലും കുറവാണ്.
യുക്രെയ്ൻ ആക്രമണങ്ങളിൽ റഷ്യയുടെ റിഫൈനറികൾ തകർന്നതും ഹൂതി ആക്രമണങ്ങളിൽ സൗദി അറേബ്യയുടെ പൈപ്പ് ലൈൻ അടച്ചിടേണ്ടി വന്നതും വലിയ തിരിച്ചടിയായി. പൂർണശേഷിയിൽ പ്രവർത്തിച്ചിട്ടും യുഎസിലെ എണ്ണശുദ്ധീകരണ ശാലകൾക്കും ആവശ്യമായ ഡീസൽ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല.
ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 75 ശതമാനമാണ് യുഎസിൽ ഡീസൽ വില ഉയർന്നത്. കുഴിച്ചെടുക്കുന്ന ക്രൂഡോയിലിനെ പെട്രോൾ, ഡീസൽ പോലുള്ള പെട്രോളിയം ഉൽപന്നങ്ങളാക്കി മാറ്റുന്ന ജോലിയാണ് റിഫൈനറികൾ നിർവഹിക്കുന്നത്.
എന്നാൽ ഓരോ റിഫൈനറികൾക്കും ശുദ്ധീകരിക്കാൻ കഴിയുന്ന ക്രൂഡോയിലിന്റെ ഗ്രേഡിൽ വ്യത്യാസമുണ്ട്. അതോടൊപ്പം ഓരോ എണ്ണശുദ്ധീകരണ ശാലകളിൽ നിന്നും ഉൽപാദിപ്പിക്കാവുന്ന പെട്രോളിയം ഉൽപന്നങ്ങളും വ്യത്യസ്തമായിരിക്കും.
ഇതിനിടയിലാണ് റിഫൈനറികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്നത്. യുഎസ്-ഇറാൻ യുദ്ധത്തിനു മുൻപ് 2025ൽ രാജ്യാന്തര തലത്തിൽ പ്രതിദിനം 103.8 ദശലക്ഷം ബാരൽ ശുദ്ധീകരിക്കാനുള്ള സ്ഥാപിത ശേഷിയുണ്ടായിരുന്നു.
പ്രതിദിനം ശരാശരി ഉൽപാദനം 83.1 ദശലക്ഷം ബാരലുമായിരുന്നു. ഇതിൽ ഇപ്പോൾ കാര്യമായ കുറവുണ്ടെന്നാണ് വിലയിരുത്തൽ.
ഉദാഹരണത്തിന് യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയുടെ എണ്ണശുദ്ധീകരണ ശേഷിയുടെ പകുതിയും നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യൻ പൊതുമേഖല എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ പല റിഫൈനറികളും യുക്രെയ്ൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് അടച്ചിടേണ്ടി വന്നു.
ഇതിനെ തുടർന്നുണ്ടായ നഷ്ടക്കണക്ക് റഷ്യ പുറത്തുവിട്ടിട്ടില്ലെങ്കിലും ജിഡിപിയുടെ ഒരു ശതമാനം കുറവുണ്ടെന്നാണ് നിരീക്ഷണം. റിഫൈനറികളിലുണ്ടായ ആക്രമണത്തെ തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ട
സ്ഥിതിയിലാണ് നിലവിൽ റഷ്യ. യുഎസിലും പ്രതിസന്ധി രൂക്ഷം സമാനമായ പ്രതിസന്ധിയാണ് അമേരിക്കയും നേരിടുന്നത്.
വെനസ്വേലയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് ലഭിക്കുന്നത് അടക്കം ആവശ്യത്തിലധികം ക്രൂഡോയിൽ യുഎസിന്റെ കൈവശമുണ്ട്. എന്നാൽ സൾഫർ അടങ്ങിയ ഹെവി വെനസ്വേലൻ ക്രൂഡോയിൽ ശുദ്ധീകരിക്കാൻ വേണ്ട
ശേഷി യുഎസിലെ റിഫൈനറികൾക്കില്ല. ഇതിന് കഴിയുന്ന ലോകത്തിലെ അപൂർവം റിഫൈനറികളിലൊന്നാണ് ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ കഴിഞ്ഞ ദിവസം ഇവിടെ എത്തി ഇന്ത്യയെ ‘റിഫൈനറിങ് സൂപ്പർ പവർ’ എന്നു വിളിച്ചിരുന്നു. വെനസ്വേലൻ, റഷ്യൻ ക്രൂഡോയിൽ ഇവിടെ ശുദ്ധീകരിച്ച ശേഷം ഡീസലാക്കി അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയാണ് ഒടുവിൽ ഒരുങ്ങുന്നതെന്നാണ് വിവരം.
ക്രൂഡോയിൽ വില 120 ഡോളറിലേക്ക് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ ഭീഷണിയും റിഫൈനറി പ്രതിസന്ധിയും ഒരുമിച്ചെത്തിയത് ക്രൂഡോയിൽ വിലയും കുത്തനെ ഉയർത്തുകയാണ്. നിലവിൽ ബാരലിന് 116.7 ഡോളറാണ് ബ്രെന്റ് ക്രുഡോയിൽ വില.
ഇത് അടുത്ത ദിവസങ്ങളിൽ തന്നെ 120 ഡോളറിലേക്ക് കുതിക്കാനുള്ള സാധ്യതയുണ്ട്. യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ 130 ഡോളറിലും യുഎഇയുടെ മർബൻ 118 ഡോളറിലുമാണ് വിൽപന നടക്കുന്നത്.
കപ്പലുകൾ സജ്ജം, ആക്രമണം എപ്പോൾ വേണമെങ്കിലും അതിനിടെ ഇറാനെ അടുത്ത ദിവസം തന്നെ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചിലപ്പോൾ നാളെത്തന്നെ ഇറാനെ ആക്രമിച്ചേക്കാം.
അല്ലെങ്കിൽ അവരുമായി മികച്ചൊരു കരാരിലെത്താനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് തുറക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ വാദം ഇറാൻ പൂർണമായി നിഷേധിച്ചു. അമേരിക്കയുടെ നാവിക ഉപരോധം മാറ്റാതെ ഹോർമുസ് തുറക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ ഭരണകൂടം.
യുഎസ് ആക്രമമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും മേഖലയ്ക്ക് പുറത്തേക്ക് യുദ്ധം വ്യാപിക്കുമെന്നും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇറാനെ ആക്രമിക്കാൻ യുഎസ് യുദ്ധക്കപ്പലുകൾ തയാറായി നിൽക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ നവംബർ മൂന്നിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് മേഖല വീണ്ടും യുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്ക സജീവമായിട്ടുണ്ട്. ഇറാനിലെ ചില പ്രദേശങ്ങളിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ നിരീക്ഷണം നടത്തുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
സൗദിയിലെ യാൻബുവിൽ അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയിലും യെമനിൽ സൗദി സഖ്യസേനയുടെ താവളമുള്ള ഏദനിലും ഹൂതികളുടെ ആക്രമണമുണ്ടായി. സൗദിയിലെ ഏഴിടങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഹൂതികൾ അവകാശപ്പെടുന്നത്.
എന്നാൽ ഈ വിഷയം സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വീണ്ടും നഷ്ടത്തിന്റെ ആഴ്ച ∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി ഒരു ദിവസം അവധിയായിരുന്നെങ്കിലും ഇന്ത്യൻ ഓഹരി വിപണിക്ക് പോയ വാരം വലിയ നഷ്ടത്തിന്റേതായിരുന്നു.
ക്രൂഡോയിൽ വില കുത്തനെ ഉയർന്നതോടെ പണപ്പെരുപ്പ ഭീഷണി ശക്തമായതാണ് വിപണിക്ക് തിരിച്ചടിയായത്. വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റതും രാജ്യാന്തര സൂചനകളും വിപണിയുടെ ഇടിവിന് കാരണമായി.
∙ കമ്പനികളുടെ വിപണി മൂല്യം സംബന്ധിച്ച ആശങ്ക സജീവമായതോടെ മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾ വലിയ തിരുത്തലിലേക്ക് നീങ്ങി. അതേസമയം ലാർജ്ക്യാപ് സൂചിക കാര്യമായ നഷ്ടമുണ്ടാക്കിയില്ല.
∙ നിഫ്റ്റി സൂചിക 23,146ൽ നിന്ന് 22,600ലേക്ക് കൂപ്പുകുത്തി. 546 പോയിന്റ് അല്ലെങ്കിൽ 2.36 ശതമാനമാണ് ആഴ്ചയിലെ നഷ്ടം.
സെൻസെക്സ് 74,729ൽ നിന്ന് 73,123ലേക്കും ഇടിഞ്ഞു. 1,606 പോയിന്റ് അല്ലെങ്കിൽ 2.15 ശതമാനമാണ് വിപണിയിൽ രേഖപ്പെടുത്തിയ നഷ്ടം.
∙ വിവിധ സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാൽ ഐടി മേഖല മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിന്നത്. ആഴ്ചയുടെ തുടക്കത്തിൽ വലിയ വിൽപന നടന്നെങ്കിലും പിന്നീട് ഐടി ഓഹരികൾ നില മെച്ചപ്പെടുത്തി.
എന്നാൽ പലിശ നിരക്ക് ഉയർത്തിയാൽ പെട്ടെന്ന് ബാധിച്ചേക്കാവുന്ന കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, റിയൽറ്റി മേഖലയിലെ ഓഹരികളിൽ കനത്ത ഇടിവുണ്ടായി. ആർബിഐ പലിശ നിരക്ക് ഉയർത്തിയാൽ കമ്പനികളുടെ ലാഭശതമാനത്തെ ബാധിച്ചേക്കുമെന്നാണ് പ്രധാന ആശങ്ക.
കേന്ദ്രത്തിന്റെ ഇടപെടൽ വേണം ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾക്ക് ഈടാക്കുന്ന ദീർഘകാല മൂലധന നേട്ട നികുതി (ലോങ് ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ്) പിൻവലിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ദീപാവലി സീസണു മുൻപ് വിപണി നേട്ടത്തിലേക്ക് മാറാൻ കേന്ദ്രസർക്കാർ നിർണായക തീരുമാനമെടുക്കണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് തുറന്ന സമീപനമാണെന്ന് അടുത്തിടെ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
നികുതി ഇളവ് നൽകുന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനമുണ്ടായാൽ വിപണിക്ക് പുതിയ കുതിപ്പാകുമെന്നും വിദേശ നിക്ഷേപങ്ങൾ കൂടുതലായി എത്താൻ സാധ്യതയുണ്ടെന്നും സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. ദീർഘകാല മൂലധന നേട്ട
നികുതി ഒഴിവാക്കണമെന്ന് അടുത്തിടെ എസ്ബിഐ റിസർച്ച് അടക്കമുള്ള പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളും ആവശ്യപ്പെട്ടിരുന്നു. ക്രൂഡോയിൽ വില ഉയർന്നു നിൽക്കുകയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്താൽ വരും ദിവസങ്ങളിലും ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ വിൽപന സമ്മർദമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ തിങ്കളാഴ്ചയും ഇന്ത്യൻ വിപണി സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിക്കാനാണ് സാധ്യതയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

