കിഴക്കൻ ഡൽഹിയിലെ ഷഹ്ദര ജില്ലയിലുള്ള കൃഷ്ണ നഗർ സ്കൂൾ വളപ്പിൽ ഞെട്ടിക്കുന്ന സംഭവം. പ്ലസ് ടു വിദ്യാർഥിനിയായ 17 വയസ്സുകാരിയായ പെൺകുട്ടിയാണ് തീ കൊളുത്തി മരിച്ചത്.
ഇത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃഷ്ണ നഗറിലെ സർവോദയ കന്യാ വിദ്യാലയത്തിലെ ഗാർഡ് റൂമിനു പിന്നിലാണ് വിദ്യാർഥിനിയുടെ മൃതദേഹം പൂർണമായും കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ശരീരത്തിൽ പെട്രോൾ പോലുള്ള ജ്വലന വസ്തുക്കൾ ഒഴിച്ച് പെൺകുട്ടി സ്വയം തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ജീവനൊടുക്കാൻ ഉണ്ടായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.
സംഭവസ്ഥലത്തു നടത്തിയ പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയുടെ സ്കൂൾ ബാഗിൽ നിന്നും മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതിനുപുറമെ ബാഗിൽ നിന്ന് മറ്റ് ചില സംശയാസ്പദമായ വസ്തുക്കളും ലഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, പൊലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഉച്ചയ്ക്ക് 1.40 ഓടെയാണ് സ്കൂളിൽ നിന്ന് തങ്ങളെ ബന്ധപ്പെട്ട് വിവരം അറിയിച്ചതെന്ന് പെൺകുട്ടിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ഏറെ സന്തോഷത്തോടെയും പുഞ്ചിരിയോടെയുമാണ് സഹോദരി വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയതെന്നും, അവിടെ എന്ത് ദാരുണമായ സാഹചര്യമാണ് ഉണ്ടായതെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഈ ദാരുണ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഡൽഹി പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.

