തിരുവനന്തപുരം ജില്ലയിലെ വിതുര പൊന്മുടി സംസ്ഥാന ഹൈവേയിൽ കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പൊന്മുടി ഹൈവേയിൽ ഒന്നാം ഹെയർ പിൻ വളവിനു സമീപം ആണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ഈ അപൂർവ്വ സംഭവം ഉണ്ടായത്.
പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നും സന്ദർശകർ മടങ്ങുന്ന സമയത്താണ് ആനകൾ റോഡിലേക്ക് ഇറങ്ങിയത്. രണ്ട് മുതിർന്ന കാട്ടാനകളും ഒരു കുട്ടിയാനയുമാണ് വൈറലായ ദൃശ്യത്തിലുള്ളത്.
ഇതിനു മുന്നേ മറ്റൊരു കൊമ്പൻ അരുവി താണ്ടി വനമേഖലയിലേക്ക് പ്രവേശിച്ചിരുന്നു. ഹൈവേയിൽ ഇറങ്ങിയ ആനകൾ റോഡിൽ അൽപനേരം നിലയുറപ്പിച്ച ശേഷം സംരക്ഷണ ഭിത്തി താണ്ടി കാട്ടരുവി മുറിച്ച് ഉൾക്കാട്ടിലേക്ക് പോവുകയായിരുന്നു.
പൊന്മുടി സന്ദർശനത്തിനെത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജൈത്രൻ തോട്ടത്തിൽ ആണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത്. ഏകദേശം പത്ത് മിനിറ്റോളമാണ് ആനകൾ റോഡരികിൽ തമ്പടിച്ചത്.
ഇതുവഴി യാത്ര ചെയ്ത വിനോദസഞ്ചാരികളിൽ ചിലർക്ക് ഇത് കൗതുകം പകർന്നുവെങ്കിലും പ്രദേശത്ത് നേരിയ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പൊന്മുടി സംസ്ഥാന ഹൈവേയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.
നാല് ദിവസങ്ങൾക്ക് മുൻപ് ഹൈവേയിലെ മൂന്നാം വളവിൽ രാത്രി ഏറെ നേരം ഒറ്റയാൻ തമ്പടിച്ചിരുന്നു. കൂടാതെ, മൊട്ടമൂടിനു സമീപത്തെ വനം വകുപ്പിന്റെ താൽക്കാലിക ഷെഡ് അടുത്തിടെ കാട്ടാന തകർത്തിരുന്നു.
ഇവിടുന്ന് അധികം അകലെയല്ലാതെ കല്ലാർ– മൊട്ടമൂട് റോഡിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ച സംഭവവും ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

