ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന പ്രമുഖ പദ്ധതിയായ പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതിയുടെ കാലാവധി നീട്ടാൻ തീരുമാനം.
ഇതുസംബന്ധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം ഔദ്യോഗിക ശുപാർശ സമർപ്പിച്ചു. വരുന്ന സെപ്റ്റംബർ 30ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയാണ് അഞ്ച് വർഷത്തേക്കുകൂടി പരിഷ്കരിച്ച് ദീർഘിപ്പിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ 2020-21 വർഷത്തിൽ തുടക്കമിട്ട പദ്ധതിയുടെ പ്രാരംഭ കാലാവധി 2025 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.
ഇതിനായി 10,000 കോടി രൂപയാണ് പ്രാരംഭ ഘട്ടത്തിൽ വകയിരുത്തിയത്. പിന്നീട് ഈ കാലാവധി 2026 സെപ്റ്റംബർ വരെ നീട്ടി നൽകുകയായിരുന്നു.
പുതിയതായി ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ ആരംഭിക്കാൻ താൽപ്പര്യമുള്ളവർക്കും നിലവിലുള്ളവ നവീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമായ സാങ്കേതിക സഹായങ്ങളും ധനസഹായവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ നടത്തിപ്പിനായി വലിയ തോതിലുള്ള ഫണ്ട് വിഹിതമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മാറ്റിവെക്കുന്നത്.
ആകെ ചെലവിന്റെ 60 ശതമാനം തുകയും കേന്ദ്ര സർക്കാറാണ് വഹിക്കുന്നത്. ശേഷിക്കുന്ന തുകയുടെ ഉത്തരവാദിത്വം അതത് സംസ്ഥാന സർക്കാറുകൾക്കാണ്.
മലയോര മേഖലകളിൽ താമസിക്കുന്നവർക്കും വനിതാ സംരംഭകർക്കും പദ്ധതിയിൽ പ്രത്യേക മുൻഗണന നൽകിവരുന്നുണ്ട്. കേരളത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.
ഇതുവരെ രാജ്യത്താകമാനം ഏകദേശം രണ്ടു ലക്ഷത്തോളം ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമായിട്ടുണ്ട്. കൂടാതെ, അർഹരായ ഓരോ യൂണിറ്റിനും പരമാവധി 10 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

