ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് ഏക ഗോളിന് പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് ക്ലബ്ബ് ഇതിഹാസം വെയിന്‍ റൂണി രംഗത്ത്.
ഒരു താരം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി ഒഴിവാക്കാമായിരുന്നു എന്ന് വെയിന്‍ റൂണി വ്യക്തമാക്കി. മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമില്‍ കാമറൂണ്‍ ഫോര്‍വേഡ് ബ്രയാന്‍ എംബൂമോ വരുത്തിയ ഗുരുതരമായ പിഴവാണ് തോല്തിക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
കളിയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ബ്രൂണോ ഫെര്‍നാണ്ടസ് മികച്ചൊരു പാസാണ് നല്‍കിയത്. എംബൂമോയ്ക്ക് മുന്നില്‍ എതിര് ടീമിന്റെ ഗോളി മാത്രമാണ് ഉണ്ടായിരുന്നത്.
എന്നിട്ടും ആ അനായാസ അവസരം ഗോളാക്കി മാറ്റാന്‍ താരത്തിനായില്ല. അതേസമയം, സിറ്റി ഗോളി ഡൊന്നാരുമ്മ നടത്തിയ സേവ് മികച്ചതാണെന്നും റൂണി കൂട്ടിച്ചേര്‍ത്തു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എക്കാലത്തെയും ടോപ് സ്കോററായ വെയിന്‍ റൂണിക്ക് കാമറൂണ്‍ താരം കാണിച്ച അലംഭാവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. പെനാല്‍റ്റി ബോക്സിനുള്ളില്‍ സ്ട്രൈക്കര്‍മാര്‍ ഗോള്‍ സ്കോറിംഗിനായി പ്രത്യേക വൈഭവം തന്നെ ആര്‍ജിച്ചെടുക്കേണ്ടതുണ്ട്.
ഡെര്‍ബി മത്സരത്തില്‍ മൂന്ന് ഗോള്‍ അവസരങ്ങളാണ് എംബൂമോയ്ക്ക് ഗോള്‍മുഖത്ത് വെച്ച് ലഭിച്ചത്. ഇതില്‍ ഏറ്റവും എളുപ്പത്തില്‍ സ്കോര്‍ ചെയ്യാനുള്ള മികച്ച അവസരമാണ് താരം പാഴാക്കിയത്.
പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് മൈക്കല്‍ കാരിക് പരിശീലിപ്പിക്കുന്ന യുനൈറ്റഡ് ടീമിന് നേടാനായത്. കഴിഞ്ഞ ലീഗ് മത്സരങ്ങളില്‍ ഇപ്സ്വിച്ച് ടൗണ്‍, എവര്ട്ടണ് എന്നീ ടീമുകള്‍ക്കെതിരെ ബ്രയാന്‍ എംബൂമോ ഗോള്‍ നേടിയിരുന്നു.
2025 ജൂലൈയിലാണ് കാമറൂണ്‍ വിംഗറായ ബ്രയാന്‍ എംബൂമോ ഓള്‍ഡ് ട്രഫോര്‍ഡ് ക്ലബ്ബില്‍ ചേരുന്നത്. ആദ്യ സീസണില്‍ തന്നെ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി പന്ത്രണ്ട് ഗോളുകള്‍ നേടി, യുനൈറ്റഡിന്റെ ടോപ് സ്കോറര്‍മാരില്‍ ഒരാളായി താരം മാറി.
ഫ്രഞ്ച് ക്ലബ്ബായ ട്രോയിസിന്റെ അക്കാദമിയിലൂടെയാണ് എംബൂമോ തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 2019ല്‍ ഇംഗ്ലീഷ് ക്ലബ്ബ് ബ്രെന്റ്ഫോര്‍ഡിലേക്ക് മാറി.
2012ല്‍ ബ്രെന്റ്ഫോര്‍ഡിനെ പ്രീമിയര്‍ ലീഗിലേക്ക് പ്രമോട്ട് ചെയ്യുന്നതില്‍ എംബുമോ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ജനിച്ച എംബുമോ പിതാവിന്റെ രാജ്യമായ കാമറൂണിന് വേണ്ടിയാണ് സീനിയര്‍ തലത്തില്‍ കളിക്കുന്നത്.
2022ല്‍ കാമറൂണ്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം ഖത്തര്‍ ലോകകപ്പില്‍ കാമറൂണിനായി മൂന്ന് മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

