കൽപ്പറ്റ നഗരപരിധിയിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിച്ച സ്ഥാപനങ്ങൾക്കും, ഫ്രീസറുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചുവെച്ചവർക്കുമെതിരെ അധികൃതർ വൻതുക പിഴ ചുമത്തി.
ക്ലീൻ സിറ്റി മാനേജർ കെ സത്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വെള്ളാരംകുന്നിലെ ഹോട്ടൽ ടേസ്റ്റ് ആന്റ് മിസ്റ്റ്, തീർത്ഥ ഇൻ വെള്ളാരംകുന്ന്, പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള യെംമീസ് ചട്ടിയും ചോറും എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് നടപടി സ്വീകരിച്ചത്.
സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഹെൽത്ത് കാർഡ് ഇല്ലാത്തതും, പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ജലപരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കഴിയാത്തതും വലിയ നിയമലംഘനമായി ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടി.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.എസ് ബിജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ സജീവ്, എൻ.എം.കെ സുനിൽ കുമാർ, എ.എസ് കൃഷ്ണേന്ദു, എ രമ്യ എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിലും നഗരത്തിലെ മുഴുവൻ ഭക്ഷണശാലകളിലും പരിശോധന കർശനമായി തുടരുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

