ഓണാവധിയോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലേക്കും തിരിച്ചുമുള്ള ട്രെയിൻ, ദീർഘദൂര ബസ് സർവീസുകളിൽ സീറ്റുകൾ ലഭ്യമല്ലാത്തത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജോലി ചെയ്യുന്നവരാണ് മടക്കയാത്രയ്ക്കായി ടിക്കറ്റ് കിട്ടാതെ വലയുന്നത്.
ആഴ്ചകൾക്ക് മുൻപ് തന്നെ റെയിൽവേ വഴി ടിക്കറ്റ് ബുക്കിങ് പൂർത്തിയായിരുന്നു. പ്രമുഖ നഗരങ്ങളിൽ നിന്ന് മലബാറിലേക്കുള്ള മുഴുവൻ പ്രധാന ട്രെയിനുകളിലും നിലവിൽ ടിക്കറ്റുകൾ വെയിറ്റ് ലിസ്റ്റിലാണ്.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന്മേൽ ഇത്തവണയും അനുകൂല നടപടിയുണ്ടായില്ല. സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന ജനറൽ കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതും യാത്രാക്ലേശം വർധിപ്പിച്ചു.
വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രീമിയം സർവീസുകളിലും ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്. ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തുന്ന സ്വകാര്യ സ്ലീപ്പർ ബസുകൾ സാധാരണ നിരക്കിന്റെ ഇരട്ടിയും മൂന്നിരട്ടിയുമാണ് ഈടാക്കുന്നതെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനുപുറമെ, അന്തർസംസ്ഥാന സർവീസുകളിലും ഇതര ജില്ലകളിലേക്കും ആവശ്യത്തിന് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. ഹൈദരാബാദിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ട് ദിവസമാണ് നേരിട്ടുള്ള ട്രെയിൻ സർവീസുള്ളത്.
ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്നവരും ഹൈടെക് സിറ്റിയിൽ ജോലി ചെയ്യുന്നവരുമായ മലബാറുകാർ ആശ്രയിക്കുന്ന ഈ ട്രെയിനിൽ ടിക്കറ്റ് തരപ്പെടുത്തുക എന്നത് ദുഷ്കരമാണ്. മൈസൂരുവിലേക്ക് ജനറൽ ട്രെയിനിൽ യാത്ര ചെയ്ത് അവിടെ നിന്ന് കെഎസ്ആർടിസി വഴി നാട്ടിലെത്തുന്നതാണ് പലരും തിരഞ്ഞെടുക്കുന്ന മറ്റൊരു വഴി.
ഹൈദരാബാദിൽ നിന്ന് മൈസൂരു വരെ ഏകദേശം 14 മണിക്കൂറോളം സീറ്റില്ലാതെ യാത്ര ചെയ്യേണ്ടി വരുന്നതായി യാത്രക്കാർ പറയുന്നു. പാലക്കാട് വഴി സർവീസ് നടത്തുന്ന ശബരി എക്സ്പ്രസിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഹൈദരാബാദിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന കൂടുതൽ ട്രെയിനുകൾ അനുവദിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. “മത്സരപരീക്ഷകളുടെ കോച്ചിങ്ങിനു വരുന്നതാണു ഞാൻ.
നാട്ടിലേക്കു തിരിച്ചു പോകാനും വരാനും മെമു ട്രെയിൻ ഇല്ലാത്തതിനാൽ ദീർഘദൂര ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. വൈകിട്ടു പരശുറാം എക്സ്പ്രസും നേത്രാവതി എക്സ്പ്രസും മാത്രമേയുള്ളൂ.
ഇവയിൽ നിൽക്കാൻ പോലും ഇടം ലഭിക്കാത്ത അവസ്ഥയാണ്.” – എ.മുഹമ്മദലി, മത്സരപരീക്ഷ കോച്ചിങ് വിദ്യാർഥി “ബെംഗളൂരുവിലെ കോർപറേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നാട്ടിലേക്കു വരാനും പോകാനും ട്രെയിൻ ടിക്കറ്റ് എപ്പോഴും ലഭ്യമാകാത്തതിനാൽ സ്വകാര്യ ബസിനെയാണ് ആശ്രയിക്കുന്നത്.
ഓണവും പെരുന്നാളും പോലുള്ള അവധി ദിവസങ്ങളിലെല്ലാം സാധരണയേക്കാൾ ഇരട്ടിയാണ് ഈടാക്കുന്നത്. ജോലി സമ്മർദത്തിനിടെ, ഒന്നോ ദിവസത്തേക്കായി ലഭിക്കുന്ന അവധിക്കായി പൊതു ഗതാഗതമാർഗങ്ങൾ സ്വീകരിക്കുമ്പോൾ തിക്കിലും തിരക്കിലുംപെട്ട് ഉള്ള ആരോഗ്യം കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്.” – ഫർഹ തമന്ന, കുന്നമംഗലം കണ്ടന്റ് റൈറ്റർ, സിലിക്കോൺ ഇന്ത്യ “ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലും മറ്റും പഠിക്കുകയും ഹൈടെക് സിറ്റിയിൽ ജോലി ചെയ്യുന്നവരുമായ മലബാറുകാർ ആശ്രയിക്കുന്ന ട്രെയിൻ ആയതിനാൽ ഇതിൽ ടിക്കറ്റു കിട്ടുന്നത് ഏതാണ്ട് അസാധാരണ കാര്യമാണ്.” – കെ.ടി.മുഹമ്മദ് സുഹൈൽ, എംഎ പൊളിറ്റിക്കൽ സയൻസ് രണ്ടാം വർഷ വിദ്യാർഥി, ഹൈദരാബാദ് യൂനിവേഴ്സിറ്റി “യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല.
8 കോച്ചുള്ള മെമു 16 കോച്ചാക്കണം. നിലവിൽ എക്സ്പ്രസ് ട്രെയിനുകളിൽ 18 കോച്ചുകളാണുള്ളത്.
അത് 28 എങ്കിലും ആക്കണം. പണ്ട് 5 ജനറൽ കംപാർട്മെന്റ് ഉണ്ടായിരുന്നു.
വരുമാനം കൂട്ടാൻ റയിൽവേ മൂന്ന് എണ്ണം എസി ആക്കി മാറ്റി. 100 സീറ്റുണ്ടെങ്കിൽ 10 സീറ്റാണ് സാധാരണ ഗതിയിൽ കിട്ടൂ.
ബാക്കി തത്കാലും പ്രീമിയം തത്കാലും ആയി ഉപയോഗിക്കുന്നു. തെക്കൻ കേരളത്തിലുള്ളതിനേക്കാൾ മൂന്നിലൊന്നു ട്രെയിനുകളേ മലബാറിലുള്ളൂ.
യാത്രക്കാർ ഏറ്റവും കൂടുതൽ മലബാറിലും.” – സി.ഇ.ചാക്കുണ്ണി, പ്രസിഡന്റ്, മലബാർ ഡവലപ്മെന്റ് കൗൺസിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

