കാർഗിൽ യുദ്ധ സ്മരണകൾ രാജ്യമെങ്ങും പുതുക്കുമ്പോൾ, മഞ്ഞുപുതച്ച ദ്രാസ് താഴ്വരയിൽ ഓരോ മലയാളിക്കും അഭിമാനമായി തലയുയർത്തി നിൽക്കുകയാണ് ഒരു കായിക സ്റ്റേഡിയം. 1999 ലെ കാർഗിൽ പോരാട്ടത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച തൃപ്പൂണിത്തുറ സ്വദേശി ലെഫ്.
കേണൽ ആർ. വിശ്വനാഥന്റെ സ്മരണാർത്ഥമാണ് ഈ കളിക്കളം സമർപ്പിച്ചിരിക്കുന്നത്.
18 ഗ്രനേഡിയേഴ്സ് ബറ്റാലിയന്റെ സെക്കൻഡ് ഇൻ കമാൻഡറായിരുന്ന അദ്ദേഹം, ദ്രാസ് മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിലുള്ള പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ താവളങ്ങൾ തകർക്കാൻ സൈന്യത്തെ നയിക്കുന്നതിനിടെയാണ് ശത്രുവിന്റെ വെടിയേറ്റു വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും പിന്തിരിയാതെ പോരാടാൻ സഹപ്രവർത്തകർക്ക് ആവേശം പകർന്ന ആ അസാമാന്യ ധീരതയിലാണ് പിന്നീട് തന്ത്രപ്രധാനമായ പോയിന്റ് 4590 ഇന്ത്യ തിരിച്ചുപിടിച്ചത്.
രാജ്യം മരണാനന്തര ബഹുമതിയായി വീരചക്ര നൽകി ആദരിച്ച ഈ ധീര സൈനികന്റെ ഓർമ്മകൾ ദ്രാസിന്റെ മണ്ണിൽ മാത്രമല്ല, അദ്ദേഹത്തിന്റെ ജന്മനാടായ തൃപ്പൂണിത്തുറയിലും സജീവമായി നിലകൊള്ളുന്നുണ്ട്. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലാണ് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
1960-ൽ വി. രാമകൃഷ്ണ അയ്യരുടെയും കമലയുടെയും മകനായി ജനിച്ച വിശ്വനാഥൻ, ഗിരിനഗർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാഭ്യാസത്തിന് ശേഷമാണ് നാഷണൽ ഡിഫൻസ് അക്കാദമി (NDA) വഴി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്.
റുവാണ്ടയിലും അംഗോളയിലും യു.എൻ. സമാധാന സേനയുടെ ഭാഗമായി സേവനമനുഷ്ഠിച്ച് പ്രശംസ പിടിച്ചുപറ്റിയ അദ്ദേഹം, രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ പോലും നൽകിയാണ് ചരിത്രത്തിൽ ഇടംനേടിയത്.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച 527 ധീരപുത്രന്മാരുടെ നിരയിലെ തിളക്കമുള്ള ആ പേര് എന്നും മലയാളക്കരയുടെ ജ്വലിക്കുന്ന അഭിമാനമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

