റായ്പൂരിലെ വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിംബാബ്വെ വനിതകളെ 92 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ഇന്ത്യ സമ്പൂർണ്ണമായി സ്വന്തമാക്കി (3-0).
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന വലിയ സ്കോറാണ് പടുത്തുയര്‍ത്തിയത്. മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താവാതെ നേടിയ 91 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ കരുത്തായത്.
41 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സും 10 ഫോറും അടക്കമാണ് ഈ പ്രകടനം പുറത്തെടുത്തത്.
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പിന്മാറി യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് താരം കളത്തിലിറങ്ങിയത്. ഹര്‍മന്‍പ്രീത് കൗറിന് പുറമെ ഓപ്പണര്‍ ഷഫാലി വര്‍മയും തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ചു.
37 പന്തില്‍ നിന്ന് അഞ്ച് സിക്സും ആറ് ഫോറും സഹിതം 69 റണ്‍സാണ് ഷഫാലി നേടിയത്. അനുഷ്ക ശര്‍മ 20 പന്തില്‍ 28 റണ്‍സ് നേടി മികച്ച പിന്തുണ നല്കി.
അതേസമയം നികി പ്രസാദ് (9), റിച്ച ഘോഷ് (1), ദീപ്തി ശര്‍മ (0), അരുന്ദതി റെഡ്ഡി (4), പ്രേമ റാവത്ത് (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മത്സരത്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന ബാറ്റിംഗിനിറങ്ങിയില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 49 പന്തില്‍ 60 റണ്‍സ് നേടിയ ഷെയ്ന് മയേഴ്സും, 50 പന്തില്‍ 44 റണ്‍സ് നേടിയ ബിലൊവ്ഡ് ബിസയും മാത്രമാണ് സിംബാബ്വെ നിരയില്‍ ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ചത്. ടീമിലെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
ഇന്ത്യന്‍ ബോളിംഗ് നിരയില്‍ നന്ദനി ശര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. നന്ദനിക്ക് പുറമെ ക്രാന്തി ഗൗദ്, അരുന്ദതി റെഡ്ഡി, ദീപ്തി ശര്‍മ, നിക്കി പ്രസാദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ടി20 പരമ്പര അവസാനിച്ചതോടെ ഇനി മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ടീമിന് മുന്നിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

