വെനസ്വേലയിൽ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 164 ആയി ഉയർന്നു.
ആയിരത്തിലധികം പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡിഗ്രസ് അറിയിച്ചു.
ദുരന്തബാധിത മേഖലയിലേക്ക് രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ സ്ഥിരീകരിച്ചു. കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തിന് ശേഷം വെറും 40 സെക്കൻഡുകൾക്കുള്ളിൽ 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.
തലസ്ഥാനമായ കരാക്കസ്, ലാ ഗുയ്റ തുറമുഖ നഗരം എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ സിമോൺ ബോളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
മരണസംഖ്യ പതിനായിരങ്ങൾ കടന്നേക്കുമെന്ന ആശങ്ക യു എസ് ജിയോളജിക്കൽ സർവേ പങ്കുവെക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കി.
നേരത്തെ നൽകിയിരുന്ന സുനാമി മുന്നറിയിപ്പ് അധികൃതർ പിന്നീട് പിൻവലിച്ചു. അമേരിക്ക, മെക്സിക്കോ, എൽ സാൽവദോർ എന്നീ രാജ്യങ്ങൾ വെനസ്വേലയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദേശീയ അവധി ദിനമായതിനാൽ വലിയൊരു ശതമാനം ആളുകൾ വീടുകളിൽ ഉണ്ടായിരുന്നതാണ് സ്ഥിതി സങ്കീർണമാക്കിയത്. അതേസമയം, ജപ്പാനിലും അമേരിക്കയിലെ കാലിഫോർണിയയിലും ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജപ്പാനിലെ ഇവാട്ടെ പ്രിഫെക്ചർ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. ഇവിടെ 6.9 തീവ്രതയും കാലിഫോർണിയയിൽ 5.6 തീവ്രതയുമാണ് രേഖപ്പെടുത്തിയത്.
ഈ മൂന്ന് ഭൂചമ്പങ്ങളും തമ്മിൽ പരസ്പര ബന്ധമില്ലെന്നും ഒരേ സമയത്ത് ഉണ്ടായത് യാദൃച്ഛികത മാത്രമാണെന്നും ഭൂകമ്പ ശാസ്ത്രജ്ഞർ വ്യക്തമാക്കി. 1967-ൽ കരാക്കസിൽ ഉണ്ടായ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.

