ഫോർട്ട് കൊച്ചി– വൈപ്പിൻ റോ–റോ സർവീസിൽ വനിതാ യാത്രക്കാർക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള തീരുമാനവുമായി കൊച്ചി കോർപറേഷൻ മുന്നോട്ട്. കെഎസ്ആർടിസി വിജയകരമായി നടപ്പാക്കിയ ‘പ്രിയദർശിനി’ സർവീസിന്റെ മാതൃകയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സാധാരണക്കാരായ ഒട്ടേറെ വനിതകൾക്കു പ്രയോജനപ്പെടുന്ന പദ്ധതിയാണിതെന്നു മേയർ വി.കെ. മിനിമോൾ വ്യക്തമാക്കി.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേരള ഉൾനാടൻ ജല ഗതാഗത കോർപറേഷനുമായി (കെഎസ്ഐഎൻസി) കോർപറേഷൻ പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. റോ–റോ സർവീസ് നഷ്ടത്തിലാണെന്ന കെഎസ്ഐഎൻസിയുടെ നിലപാടിനോട് കോർപറേഷൻ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ സർവീസുമായി ബന്ധപ്പെട്ട
കരാർ ഒപ്പിടുന്നതിന് മുൻപ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് മേയർ അറിയിച്ചു. അതേസമയം, സൗജന്യയാത്ര പദ്ധതിയെ പിന്തുണയ്ക്കുന്നതായി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി.എ.
ശ്രീജിത്ത് അറിയിച്ചു. എന്നാൽ, ഇത്തരം ഇളവുകൾ ചൂണ്ടിക്കാട്ടി സർവീസിന്റെ നഷ്ടം പെരുപ്പിച്ചു കാണിച്ച് സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ശാസ്ത്രീയമായ പഠനം ആവശ്യമാണെന്ന് ബിജെപി കൗൺസിലർ പ്രിയ പ്രശാന്ത് ആവശ്യപ്പെട്ടു. നിലവിൽ കോർപറേഷൻ വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിൽ, ഇത്തരമൊരു നിരക്കിളവ് നടപ്പാക്കുമ്പോൾ കൃത്യമായ പരിശോധനകൾ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

